പാനൂർ: കുന്നോത്തുപറമ്പിലെ മുൻ കമ്മ്യുണിസ്റ്റ് നേതാവ് ഗോപാലൻ പറമ്പത്തിന്റെ വീട്ടിൽ ഗൗരിയമ്മ ഒരു ദിവസം താമസിച്ചിട്ടുണ്ടായിരുന്നു. പുലർച്ചെ മൂന്നരയോടെ അവർ വീട്ടിൽ നിന്നും യാത്ര തിരിച്ചതും വീട്ടുകാർ ഓർക്കുന്നു. ഗോപാലൻ പറമ്പത്ത് കല്യാണം കഴിച്ചത് ചേർത്തല കടക്കരപ്പള്ളിയിൽ കരിക്കിനേഴത്ത് വീട്ടിലെ ഷൈലജയെയാണ്. ഷൈലജയുടെ അമ്മയുടെ പിതൃസഹോദരീ പുത്രിയായിരുന്നു ഗൗരിയമ്മ.
1975 ലാണ് ഗോപാലൻ പറമ്പത്ത് ഷൈലജയെ വിവാഹം കഴിച്ചത്. രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഇടയ്ക്കിടെ നടക്കുന്ന പ്രദേശമായിരുന്നു കുന്നോത്തുപറമ്പ്. ഗോപാലന്റെ വിവാഹാലോചനകളെല്ലാം രാഷ്ട്രീയ എതിരാളികൾ പലതും പറഞ്ഞ് മുടക്കി.
അക്കാലത്ത് ഗോപാലന്റെ സഹോദരി വനജയും ഷൈലജയും തുറവൂരിലെ ട്രെയിനിംഗ് കോളേജിൽ ഒന്നിച്ച് ടി.ടി.സിക്ക് പഠിക്കുകയായിരുന്നു. വിവാഹാലോചനയുമായി അന്നത്തെ എൽ ഡി.എഫ് കൺവീനർ പി.വി കുഞ്ഞിക്കണ്ണന്റെയും ഐ.വി ദാസന്റെയും സഹായത്തോടെ ഗൗരിയമ്മയെ കണ്ടതോടെയാണ് വിവാഹത്തിന് വഴി തെളിഞ്ഞത്. ഗൗരിയമ്മയുടെ കാർമ്മികത്വത്തിലായിരുന്നു ആ വിവാഹം. പിന്നീട് പല തവണ കുന്നോത്തുപറമ്പിലെ കുടുംബാംഗങ്ങൾ ഗൗരിയമ്മയുടെ വീട്ടിൽ പോകാറുണ്ട്. ഗോപാലൻ പറമ്പത്തിന്റെ മകൻ അഡ്വ. ഷിജിലാൽ വിവാഹം ചെയ്തതും ആലപ്പുഴക്കാരിയായ സീബയെയാണ് . ഗൗരിയമ്മയുടെ വീടിന്റെ സമീപത്താണ് സീബയുടെ വീടും.
ഗോപാലൻ പറമ്പത്ത് പിന്നീട് ബി.ജെ.പി നേതാവായിരുന്നപ്പോഴും ഗൗരിയമ്മയുമായുള്ള ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. വിവാഹ സമയത്ത് സി.പി.എം ജില്ല കമ്മിറ്റിയംഗമായിരുന്നു ഗോപാലൻ പറമ്പത്ത്.