ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സയുമായി ബന്ധപ്പെട്ടുള്ള ട്രയാജിംഗ് സംവിധാനം ഇന്ന് പ്രവർത്തനമാരംഭിക്കും. താലൂക്ക് ആശുപത്രി പഴയ ബ്ലോക്കിലെ അഡ്മിഷൻ വാർഡിനോടനുബന്ധിച്ച് ഉച്ചക്ക് 1 മണിമുതൽ രാവിലെ 8 മണിവരെയാണ് ഇതിന്റെ പ്രവർത്തനം. കൊവിഡ് രോഗികൾ, ക്വാറന്റീനിൽ ഇരിക്കുന്നവർ, കൊവിഡ് സംശയിക്കുന്ന രോഗികൾ എന്നിവർക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജെ.പി.എച്ച്.എൻ, വാർഡ് മെമ്പർ, ആശാ വർക്കർ എന്നിവർ മുഖാന്തിരം താലൂക്ക് ആശുപത്രി കൊവിഡ് ട്രയാജ് സെന്ററിലെ 6235108250 എന്ന നമ്പറിൽ വിളിച്ച് അറിയിച്ച ശേഷം സമയ നിർദ്ദേശങ്ങൾക്കനുസരിച്ച് എത്തണം.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ പനി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ, കൊവിഡ് സംശയിക്കുന്നവർ എന്നീ വിഭാഗത്തിലുള്ളവർ അതാതു സ്ഥലങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുടെ സേവനം തേടാനും ശ്രദ്ധിക്കേണ്ടതാണ്.
ഡോ. പി.പി. രവീന്ദ്രൻ, സൂപ്രണ്ട്,
ഇരിട്ടി താലൂക്ക് ആശുപത്രി