തൃക്കരിപ്പൂർ: കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിൽ ജില്ലാ കളക്ടർ ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. സ്വകാര്യ ലാബുകൾ കൊള്ള ലാഭം കൊയ്യുന്നുവെന്ന പൊതുജനങ്ങളിൽ നിന്നുള്ള പരാതികളെ തുടർന്നാണ് ചെറുവത്തൂർ, തൃക്കരിപ്പൂർ ടൗണുകളിലെ കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ പരിശോധനക്കെത്തിയത്. ആർ.ടി.പി.സി.ആർ, ആന്റിജൻ എന്നിവക്ക് ഉപയോഗിക്കുന്ന കിറ്റുകൾ പരിശോധനകൾക്ക് ശേഖരിച്ചു.

കൊവിഡ് പോസിറ്റീവ്, നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിലും രേഖകൾ സൂക്ഷിക്കാത്തതും ഇനി ഉണ്ടാവാൻ പാടില്ലെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. പരിശോധനകൾക്ക് ഈടാക്കുന്ന തുക എത്രയെന്നും കളക്ടർ ചോദിച്ചറിഞ്ഞു. പരാതികൾക്ക് ഇടവരുത്താത്ത തരത്തിൽ പരിശോധിച്ച് വേഗത്തിൽ ഫലങ്ങൾ നൽകാൻ നടപടി കൈക്കൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രത്തിലെ ഡോക്ടറും സാങ്കേതിക വിദഗ്ദ്ധരും കളക്ടർക്കൊപ്പം വിവിധ സ്വകാര്യ ലാബുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പങ്കെടുത്തു.