ചെറുവത്തൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് വ്യാപനത്തിനെതിരായുള്ള ക്യാമ്പയിനിന്റെ ഭാഗമായി വാർ റൂം പ്രവർത്തനമാരംഭിച്ചു. വാർ റൂമിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്ക്, കൊവിഡ് സംബന്ധമായ സംശയ നിവാരണത്തിനായി ഡോക്ടർമാരുടെ സ്‌പെഷ്യൽ ടീമിന്റെ സേവനം, മാഷ് പദ്ധതിയുടെ ഭാഗമായി വാർഡ് തലത്തിൽ 50 വീടിന് ഒരു ക്ലസ്റ്ററാക്കി കൊണ്ട് ഗൃഹസന്ദർശനം, രോഗികൾക്ക് വേണ്ടുന്ന ബോധവൽക്കരണം എന്നിവയും, ആശാവർക്കർമാരുടെ സഹകരണത്തോടെ മരുന്നുകൾ ലഭ്യമാക്കൽ, വാക്സിൻ നൽകൽ, ടെസ്റ്റ് ചെയ്യൽ എന്നിവ വിപുലമാക്കുന്നതിന്നും നടപടിയാരംഭിച്ചു. ''സീറോ കൊവിഡ് ചെറുവത്തൂരിൽ ഞാനും എന്റെ കുടുംബവും ' ക്യാമ്പയിനിന്റെ ഭാഗമായി ഓരോ വീടിനേയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കൊവിഡ് സന്ദേശം നൽകുന്നതിന്നും, സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് ബോധവൽക്കരണ വീഡിയോകൾ, ക്ലിപ്പുകൾ എന്നിവയ്ക്കും തുടക്കം കുറിച്ചു. യോഗത്തിൽ പ്രസിഡന്റ് സി.വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർന്മാരായ സി.വി. ഗിരീശൻ, കെ. രമണി, പി. പത്മിനി, മെഡിക്കൽ ഓഫീസർ ഡോ: രമേഷ്, നോഡൽ ഓഫീസർ ബിജുകുമാർ, സെക്ടൽ മജിസ്‌ട്രേറ്റ് വത്സൻ പിലിക്കോട്, ജെ.എച്ച്.ഐ. മോഹനൻ, മാഷ് കോ-ഓർഡിനേറ്റർ സജീവൻ, ദേവദാസ്, പ്രേമൻ എന്നിവരും സംബന്ധിച്ചു. സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു.