കണ്ണൂർ: ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ സംഘത്തിന്റെ മൂക്കിനു താഴെ സെൻട്രൽ ജയിലിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ജയിൽ അധികൃതരും സംശയിക്കുന്നവരെ കുറിച്ച് അന്വേഷണ സംഘത്തിന് ഒന്നും പറയാനുമില്ല.
ഏപ്രിൽ 21നാണ് ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച് 1,94,000 രൂപ കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഒടുവിൽ കൊവിഡിന്റെ മറവിൽ തലയൂരാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസുകാർ മുഴുവൻ കൊവിഡ് പ്രതിരോധത്തിനായി ഇറങ്ങിയതുകൊണ്ട് അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. സായുധരായ ഇന്ത്യൻ റിസർവ് ബറ്റാലിയൻ കാവൽ നിൽക്കുന്ന പ്രധാന ഗേറ്റിൽ നിന്ന് വെറും 10 മീറ്റർ അകലെയുള്ള മുറിയിലാണ് മോഷണം നടന്നതെന്നതാണ് വിചിത്രം.
പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. രാത്രി 11.30നും 12.15നും ഇടയിൽ ഈ ഭാഗത്ത് സംശയകരമായി ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യം സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു. പണം ചപ്പാത്തി യൂണിറ്റിലെ മേശയിലാണ് സൂക്ഷിക്കുകയെന്ന വിവരം കൃത്യമായി അറിയാവുന്നയാൾ തന്നെയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് നായ മണം പിടിച്ച് പോയത് ജീവനക്കാരുടെ സാമീപ്യമുള്ള കെട്ടിടത്തിലേക്കായിരുന്നു എന്നതും അന്വേഷണത്തിലെ മെല്ലെപ്പോക്കും കൂട്ടിവായിക്കുന്നവരുണ്ട്.
കണ്ണൂർ അസി. കമ്മിഷണർ പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാവിന് ജയിലിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള അന്വേഷണവും എങ്ങും എത്തിയില്ല. സി.സി ടി.വി. സൂക്ഷ്മമായി പരിശോധിച്ചാൽ കാമറയിൽ പതിഞ്ഞ അവ്യക്തമായ ചിത്രം വ്യക്തമാകുമെന്നിരിക്കെ ആ വഴിക്കുള്ള നടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.