കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായി കൂടുതൽ സൗകര്യം ഒരുങ്ങുന്നു. സർജിക്കൽ വാർഡ് പൂർണമായും കൊവിഡ് രോഗികൾക്കായി ഒരുക്കുകയാണ്. 35 രോഗികൾക്ക് കിടത്തി ചികിത്സ ലഭ്യമാക്കാനാണ് വാർഡ് ഒരുക്കിയത്. 20 ബെഡുകൾ ഓക്സിജൻ സംവിധാനത്തോടെയാകും. ആറ് ഐ.സി.യു വാർഡുകളുമുണ്ട്. നിലവിൽ 15 പേ വാർഡുകൾ കൊവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. സർജിക്കൽ വാർഡ് തികയാതെ വന്നാൽ കാൻസർ വാർഡു കൂടി കൊവിഡിന് മാറ്റും. കഴിഞ്ഞ തവണ ജില്ലാ ആശുപത്രി കൊവിഡ് ചികിത്സക്കായി മാറ്റിയപ്പോൾ ഒരുക്കിയ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയാൽ മറ്റിടങ്ങളിലേക്കാൾ എളുപ്പമാകും. ഓക്സിജൻ എത്തുന്നതോടെ പുതിയ വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ആവശ്യമെന്നു കണ്ടാൽ ജില്ലാ ആശുപത്രിയെ വീണ്ടും കൊവിഡ് ആശുപത്രിയാക്കാനാണ് ആലോചന.