പയ്യന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാൻ,
നിയുക്ത എം.എൽ.എ ടി.ഐ മധുസൂദനന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന പയ്യന്നൂർ മണ്ഡലംതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. ഡയാലിസിസ് രോഗികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് ഡി.എം.ഒയോട് ആവശ്യപ്പെട്ടു.
മലയോര മേഖലയിൽ കർഷകർക്ക് മലഞ്ചരക്ക് വിൽപന നടത്തുന്നതിനുള്ള കേന്ദ്രങ്ങൾക്കും, നിർമ്മാണ സാമഗ്രികൾ വിൽപന നടത്തുന്ന കടകളിലും ക്രമീകരണം വരുത്തി തുറക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ജില്ലാതല സമിതിയോട് ആവശ്യപ്പെടും.
ജില്ല അതിർത്തിയിൽ ആരോഗ്യ വകുപ്പും പരിശോധന ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിയന്തരമായി സൗജന്യ കിറ്റുകൾ വിതരണം ചെയ്യും തുടങ്ങിയ തീരുമാനങ്ങളാണ് അവലോകന യോഗം കൈക്കൊണ്ടത്.
തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, റവന്യു, പൊലീസ്, ഫയർഫോഴ്സ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, ക്വാറന്റൈൻ ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.