കാഞ്ഞങ്ങാട്: ഈദ്ഗാഹുകളോ പള്ളിയിൽ പെരുന്നാൾ നമസ്കാരങ്ങളോ ഒത്തുചേരലുകളോ ഇല്ലാത്ത കൊവിഡ് കാലത്തെ രണ്ടാമത്തെ ചെറിയ പെരുന്നാളാഘോഷിക്കുകയാണ് വിശ്വാസികൾ. കഴിഞ്ഞതവണ രാജ്യം ആദ്യമായി കൊവിഡിനെ നേരിടേണ്ടിവന്നപ്പോൾ അത് നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ലോക് ഡൗണിലായിരുന്നു ചെറിയ പെരുന്നാൾ ആഘോഷം. ഈ വർഷവും സ്ഥിതി അതുതന്നെ. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്കാനാണ് മതനേതാക്കൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ധുവീടുകൾ സന്ദർശിക്കലും പരസ്പരം സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളുമൊക്ക തന്നെയാണ് ഈ ചെറിയ പെരുന്നാളിന്റെയും പ്രത്യേകത. ഇത്തവണ പെരുന്നാൾ ദിനത്തിൽ സ്വന്തം വീടുകളിൽതന്നെ കഴിച്ചുകൂട്ടേണ്ടവിധം അപകടകരമാണ് അവസ്ഥ. വാരാന്ത്യ ലോക് ഡൗൺ മുതലേ വസ്ത്രാലയങ്ങളൊക്കെ അടച്ചിടേണ്ടി വന്നതിനാൽ വലിയ ബുദ്ധിമുട്ടിലാണ് വസ്ത്രാലയ ജീവനക്കാരും നടത്തിപ്പുകാരും. സാധാരണ കൂടുതൽ പേരും റംസാൻ അവസാന ആഴ്‌ചകളിലാണ് വസ്‌ത്രവും മറ്റും എടുക്കുന്നത്. ലോക്ക് ഡൗണിൽ ബഹുഭൂരിപക്ഷവും പുതുവസ്‌ത്രങ്ങൾ വാങ്ങാതെ , ഉള്ളതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിച്ച് ആഘോഷിക്കാനാണ് തീരുമാനം.

ഇറച്ചി വിൽക്കുന്ന കടകൾക്ക് ഇന്നലെ രാത്രി പത്ത് മണി വരെ തുറക്കാൻ സർക്കാർ അനുവാദം നൽകിയത് നേരിയ ആശ്വാസമായി. ചിക്കൻ കിലോ 90 രൂപയും ബീഫിന് 340 രൂപയുമായിരുന്നു വില.