കണ്ണൂർ: വേനൽ മഴയ്ക്കും, വിലത്തകർച്ചക്കും പിന്നാലെ സമ്പൂർണ ലോക്ക് ഡൗൺ കൂടി വന്നതോടെ കശുഅണ്ടി കർഷകർ കടുത്ത പ്രതിസന്ധിയിൽ. കാർഷിക ഉത്പന്നമെന്ന നിലയിൽ കൊവിഡ് നിബന്ധനകളിൽ ഇളവ് നൽകി സഹകരണ സംഘങ്ങൾ വഴി കശുഅണ്ടി സംഭരിക്കുന്നതിനും, കർഷകർക്ക് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി നിർദേശിച്ച മിനിമം വില ഉറപ്പുനൽകുന്നതിനും ആവശ്യമായ നടപടിയെടുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
ഉത്പാദനം കുറഞ്ഞതും, പ്രതീക്ഷിക്കാതെ വന്ന വേനൽമഴയിൽ ഗുണമേന്മ നഷ്ടപ്പെട്ടതിനും പിന്നാലെയാണ് മെച്ചപ്പെട്ട വില വിപണിയിൽ ലഭിക്കാതായത്. ഒപ്പം സമ്പൂർണ ലോക്ക് ഡൗൺ മൂലം കടകൾ അടഞ്ഞു കിടക്കുന്നത് പുതിയ പ്രതിസന്ധിയാകും. മേഖലയിലെ പ്രതിസന്ധി മുതലെടുത്ത് കർഷകരെ വലിയ തോതിൽ ചൂഷണം ചെയ്യാനും ശ്രമങ്ങളുണ്ടെന്നാണ് കർഷകരുടെ ആക്ഷേപം.
ഇതിന് താൽക്കാലിക പരിഹാരം എന്ന നിലയിലാണ് സഹകരണ സംഘങ്ങൾ വഴി കശുഅണ്ടി സംഭരണത്തിനും ന്യായവിലക്കും സർക്കാരിന്റെ അടിയന്തര ഇടപെടൽ കർഷകർ ആവശ്യപ്പെടുന്നത്.
ഇപ്പോൾ സഹായിച്ചില്ലെങ്കിൽ
പിന്നെ എപ്പോൾ
സഹകരണ സംഘങ്ങൾ സംഭരിക്കുന്ന കശുഅണ്ടി കാപ്പെക്സും കശുഅണ്ടി വികസന കോർപറേഷനും ഏറ്റെടുത്ത് സമയബന്ധിതമായി കർഷകർക്ക് പണം ലഭ്യമാക്കണം. ജില്ലാ കേന്ദ്രങ്ങളിൽ ഇവ രണ്ട് ദിവസത്തിലൊരിക്കലെങ്കിലും എത്തിക്കാവുന്ന സംവിധാനമൊരുക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിക്ക് കത്ത്
പ്രധാന കാർഷിക ഉത്പന്നമായ കശുഅണ്ടിയുടെ സംഭരണത്തിനും ന്യായവിലക്കും സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇരിക്കൂർ നിയുക്ത എം.എൽ.എ അഡ്വ.സജീവ് ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കർഷകർക്ക് കൊവിഡ് നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.