മാഹി: കേരളത്തിലെന്നപോലെ മാഹിയിലും വൈകിട്ട് 6 മണി വരെ അവശ്യ സാധനങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ്രാജ് മീണ സർവ്വകക്ഷി സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളുടെ യോഗത്തിൽ അറിയിച്ചു. വീട്ടിൽ ക്വാറന്റൈനിൽ നിൽക്കുന്നവരെ ഡോക്ടർമാർ സന്ദർശിച്ച് പരിശോധിക്കുകയും ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.
മാഹിക്ക് പുറത്ത് ചികിത്സാവശ്യത്തിന് പോകേണ്ടവർക്ക് ഓൺലൈൻ വഴി ഇ പാസ്സ് ഏർപ്പെടുത്തും. കൂടുതൽ ഫസ്റ്റ് ലൈൻ കൊവിഡ് സെന്ററുകൾ തയ്യാറാക്കും. സാധനങ്ങളും മരുന്നും എത്തിക്കുവാൻ കണ്ടെയിൻമെന്റ് സോണുകളിൽ വളണ്ടിയർമാരെ ഏർപ്പാടാക്കും.
18 വയസിന് മുകളിൽ ഉള്ളവർക്കുള്ള വാക്സിനുകൾ നാല് ദിവസങ്ങൾക്കകം നൽകി തുടങ്ങും. രമേശ് പറമ്പത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരും സംബന്ധിച്ചു.