തൃക്കരിപ്പൂർ: പെരുന്നാൾ തലേന്ന് ജനങ്ങളെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി. മഴയും ഇടിമിന്നലും ഉണ്ടായതിനു പിറകെ ബുധനാഴ്ച രാത്രി 7 മണി മുതൽ 15 പ്രാവശ്യമാണ് തൃക്കരിപ്പൂരിലും പരിസരങ്ങളിലും വൈദ്യുതി മുടങ്ങിയത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് നിരവധിതവണ കറണ്ട് പോവുകയും വരികയും ചെയ്തത്. പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുപ്പ് നടത്തിയ വിശ്വാസികളെ ഇത് ശരിക്കും വെട്ടിലാക്കി.
കൊവിഡ് ഇളവിൽ ഇറച്ചി കടകൾ രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായെങ്കിലും വൈദ്യുതി മുടങ്ങിയതോടെ പലരും കടയടച്ചുനേരത്തെ സ്ഥലംവിട്ടു. മഴ വരുന്നതിന് മുമ്പ് മരങ്ങൾ മുറിച്ചും തൂണുകളിലെ തകരാർ നീക്കിയും അറ്റകുറ്റ പണികൾ സജീവമായെങ്കിലും മഴക്കാലത്തിന് മുമ്പെ തന്നെ വൈദ്യുതി വിതരണം ഈ നിലയിലായത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടു.