oximetre

കണ്ണൂർ : കൊവിഡ് കാലത്ത് പ്രാണവായുവിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോൾ പൾസ് ഓക്സിമീറ്ററുകൾക്ക് കൃത്രിമക്ഷാമവും കഴുത്തറപ്പൻ വിലയും ഈടാക്കുന്നതായി വ്യാപകമായ പരാതി .കൊവിഡ്‌ രോഗികളിൽ ശ്വാസംമുട്ടൽ കൂടുന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ അളവ്‌ അറിയാൻ സംവിധാനം വീട്ടിൽ തന്നെ വേണമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ നിർദേശംവന്നതോടെ ആളുകൾ വ്യാപകമായി ഓക്‌സിമീറ്റർ വാങ്ങാൻതുടങ്ങിയത്.

ഇതിനു പുറമെ ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുള്ളവർക്കും ആസ്ത്മാ രോഗികൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ജീവൻരക്ഷാ ഉപാധി കൂടിയാണ് പൾസ് ഓക്സിമീറ്റർ.ചില സ്വകാര്യ ആശുപത്രികളിലെ ഫാർമസികളിലും മെഡിക്കൽ ഷാപ്പുകളിലുമാണ് കഴുത്തറപ്പൻ വില ഈടാക്കുന്നത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വൻതോതിൽ ഓക്സിമീറ്റർ കൊള്ള നടക്കുന്നത്.കൊ വിഡ്‌ സാഹചര്യം മുതലെടുത്ത്‌ ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകൾ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്‌.

നേരത്തെ - 600-900 രൂപ

ഇപ്പോൾ 3500

ഗുണനിലവാരവും കുറവ്

കൊവിഡ്‌ രണ്ടാംവരവിൽ രോഗികളുടെഎണ്ണം കൂടിയതോടെയാണ്‌ പൾസ്‌ ഓക്‌സിമീറ്ററുകളുടെ ഉപയോഗം കൂടിയത്‌. രക്തത്തിൽ ഓക്സിജന്റെ റീഡിംഗ് 94ൽ കുറയുന്നത്‌ അടിയന്തര ചികിത്സ വേണമെന്നാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ കൊവിഡ്‌ ഇല്ലാത്ത പൂർണ ആരോഗ്യവാനായ ഒരാൾ മെഡിക്കൽഷോപ്പിൽനിന്ന്‌ വാങ്ങിയ ഓക്‌സിമീറ്ററിൽ റീഡിംഗ് നോക്കിയപ്പോൾ 68 ആണ്‌ കാണിച്ചത്‌. ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകളിലെ തെറ്റായ റീഡിംഗ് അനാവശ്യ പരിഭ്രാന്തിക്ക്‌ ഇടയാക്കും. തെറ്റായ റീഡിംഗിനെ ആശ്രയിക്കുമ്പോൾ രോഗിയുടെ നില വഷളാവുന്നത്‌ മനസ്സിലാക്കാൻ കഴിയാതെവരികയും ചെയ്യും.

നിർമാണക്കമ്പനിയുടെയുടെ പേരോ വിലാസമോ ഒന്നുമില്ലാത്ത പൾസ്‌ ഓക്സി മീറ്ററുകളും വിപണിയിൽ സുലഭമാണ്‌. കണ്ണൂർ നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ എത്തിയ ഇത്തരം ഓക്‌സി മീറ്ററുകൾ കഴിഞ്ഞ ആഴ്ച തിരിച്ചയച്ചു. എന്നാൽ, രണ്ടാഴ്‌ചയ്‌ക്കുശേഷം ഇവതന്നെ വിതരണക്കാരുടെ പേര്‌ ഒട്ടിച്ച്‌ തിരിച്ചുവന്നു. മെഡിക്കൽ ഷോപ്പുകാർ അതും എടുത്തില്ല.

വഞ്ചിതരാകരുത്!

വ്യാജ ഉൽപ്പന്നങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ കൃത്യമായ സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന്‌ നോക്കിവാങ്ങണം. ഓക്‌സിമീറ്റർ വാങ്ങുമ്പോൾ സി .ഇ. (കൺഫോർമിറ്റി യൂറോപ്യൻ) സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എഫ്‌.ഡി.എ (ഫുഡ്‌ ആർഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്ട്രേഷൻ) സർട്ടിഫിക്കേഷൻ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം.