കണ്ണൂർ: മറ്റു ജില്ലയ്ക്കൊന്നും അവകാശപ്പെടാനില്ലാത്ത ചരിത്ര പാരമ്പര്യം കണ്ണൂരിനുണ്ട്. കേരളപ്പിറവി മുതൽ അഞ്ച് പേരാണ് കണ്ണൂരിൽ നിന്നു മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ. എം. എസ്. മുതൽ തുടങ്ങുന്നതാണ് ആ ചരിത്രം. അന്ന് കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ട നീലേശ്വരത്ത് നിന്നാണ് ഇ. എം. എസ് തിരഞ്ഞെടുക്കപ്പെട്ടത്. 1984 ലാണ് കാസർകോട് ജില്ല രൂപം കൊള്ളുന്നത്.
തുടർന്ന് 1960ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായതും കണ്ണൂരിൽ നിന്നായിരുന്നു. കൊല്ലം സ്വദേശിയാണെങ്കിലും കണ്ണൂരിൽ നിന്നു മത്സരിച്ച ആർ.. ശങ്കർ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.ഉപ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 62 മുതൽ 64 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ഇ.കെ. നായനാരും കണ്ണൂരിൽ മത്സരിച്ചിരുന്നു. കല്യാശ്ശേരി സ്വദേശിയായ നായനാർ 11 വർഷമാണ് മുഖ്യമന്ത്രിയായത്. 1997 ൽ തലശേരിയിൽ നിന്നാണ് നായനാർ തിരഞ്ഞെടുക്കപ്പെട്ടത്.
10 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ..കരുണാകരൻ ജന്മം കൊണ്ട് കണ്ണൂർ സ്വദേശിയാണെങ്കിലും ഇവിടെ മത്സരിച്ചിരുന്നില്ല. കണ്ണൂരിൽ നിന്നു അഞ്ചാമത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനൊപ്പം മറ്റൊരു ചരിത്രം കൂടി തുന്നിച്ചേർത്തിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തുടർഭരണത്തിന്റെ ശിൽപ്പി എന്ന ബഹുമതിയും പിണറായിക്ക് അവകാശപ്പെട്ടതാണ്.