കാസർകോട്: അറബിക്കടലിൽ രൂപം കൊണ്ട ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ അതീവ ജാഗ്രത. 30അംഗ ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
നാലു മീറ്റർ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനവാസ മേഖല ഉൾപ്പെടുന്ന മുസോഡി, ചേരങ്കൈ, കാപ്പിൽ, അഴിത്തല, തൈക്കടപ്പുറം തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ റവന്യു, ഫിഷറീസ്, തീരദേശ പൊലീസ് എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും നിർദ്ദേശം നൽകി. നാല് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾൾ റൂം തുറന്നിട്ടുണ്ട്. കളക്ടറേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ പൊലീസ്, ഫയർഫോഴ്സ് എന്നിവയ്ക്കും നിർദ്ദേശം നൽകി.
ഇന്നലെ രാവിലെ 8.30 ന് ലക്ഷദ്വീപിനടുത്ത് അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മേയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.