തലശ്ശേരി: മേഖലയിൽ രൂക്ഷമായ കടലാക്രമണം. അഴിയൂർ തൊട്ട് തലശ്ശേരി വരെയുള്ള തീരങ്ങളിൽ കടലാക്രമണ ഭീഷണിയുണ്ട്. കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ ഇരുപത് കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റിന്റെ രണ്ടാം നിലവരെ തിരമാലകൾ വന്ന് പതിക്കുകയാണ്. കടൽഭിത്തികളും കടന്ന്, നിരനിരയായുള്ള 85 വീടുകളുടെ പിൻഭാഗത്തിലൂടെ വെള്ളം അടിച്ചു കയറി ദേശീയപാതയിൽ തളം കെട്ടിക്കിടപ്പാണ്.
കക്കുസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകി. കുടിവെള്ളം പോലുമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫ്‌ളാറ്റിന് തൊട്ട് പിറകിലും, വേർഹൗസ് പരിസരത്തുമായി രണ്ട് പുലിമുട്ടുകൾ കൂടി പണിതാൽ മാത്രമേ ശാശ്വതമായി വെള്ളപ്പൊക്കം തടയാനാവുകയുള്ളൂവെന്ന് സാമൂഹ്യ പ്രവർത്തകനും കോളനി നിവാസിയുമായ ബാബു പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ ജമുനാ റാണി, തഹസിൽദാർ ശ്രീലേഖ, വില്ലേജ് ഓഫീസർ പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ന്യൂ മാഹിയിൽ ഉസ്സൻ മൊട്ട പ്രസ്സ് വളപ്പ് മുതൽ കല്ലിനപ്പുറം വരെയുള്ള തീരത്ത് അതിശക്തമായ കടൽക്ഷോഭം അനുഭവപ്പെടുകയാണ്. കടൽ ഭിത്തിയും കടന്ന് തീരദേശ റോഡിനുമപ്പുറത്തേക്ക് കടൽ വെള്ളം കുതിച്ചെത്തുകയാണ്. സുഹറ , ഇന്ദ്രിജ, സുരാജ്, സിന്ധു, രഞ്ജിത്ത്, പഴയ കത്ത് മധു, രാജേഷ്, സതി, സുബൈദ. താഹിറ, പത്മജ, റുഖിയ തുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളമെത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, മെമ്പർമാരായ ഷർമ്മിള, വത്സല, പഞ്ചായത്ത് സെക്രട്ടറി ഷീജ തുടങ്ങിയവർ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. കുറിച്ചിയിൽ കടപ്പുറത്തും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.