കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമില്ലെന്നും സർക്കാരിനു പിന്നിൽ ഉരുക്കുപോലെ ഉറച്ചു നിൽക്കുമെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിയെന്ന നിലയിൽ സി.എസ്.ആർ ഫണ്ടടക്കം ഇതിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരെന്ന നിലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുകയെന്നത് ധാർമ്മികമായ കാര്യമാണ്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമമില്ല. എന്നാൽ വെന്റിലേറ്ററിന്റെ കുറവ് മറ്റു ജില്ലകളിലെന്നതു പോലെ കണ്ണൂരിലുമുണ്ട്. ഇതു പരിഹരിക്കുന്നതിനായി സ്വകാര്യ ആശുപത്രി ഉടമകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഇതിനായി സജ്ജീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. ജില്ലാ ആശുപത്രി സൂപ്രണ്ടുമായി കെ. സുധാകരൻ എം.പി കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.