7.950 കിലോഗ്രാം കഞ്ചാവ് പിടികൂടി
കൂത്തുപറമ്പ്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ എൻ.കെ അശ്മീറി (29) നെയാണ് അറസ്റ്റ് ചെയ്തത്. 7.950 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ടീമും കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമും എക്‌സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിട വിതരണക്കാർക്ക് എത്തിക്കുന്നതാണ് ഇയാളുടെ രീതി. ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ കെ. ശശികുമാർ, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ്, എം.കെ പ്രസന്ന, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജനേഷ് നരക്കോടൻ, യു. സ്മിനീഷ്, ഡെപ്യൂട്ടി എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ കെ. ബിനീഷ്, സി.കെ സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.