കണ്ണൂർ: തലശ്ശേരി തലായി കടപ്പുറത്ത് നിന്നും കടലിൽ പോയ മൂന്ന് മത്സ്യതൊഴിലാളികൾ നാല് ദിവസമായിട്ടും തിരിച്ചെത്തിയില്ല. ഇതിനെതുടർന്ന് തിരച്ചിലിന് കോസ്റ്റ് ഗാർഡിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തലശ്ശേരി തഹസിൽദാർ അറയിച്ചു.
മേയ് 11നാണ് തലായി കടപ്പുറത്തു നിന്നും തിരുവനന്തപുരം സ്വദേശികളായ സ്റ്റീഫൻ ഫ്രാൻസിസ്, അരുൺ ആൻഡ്രൂസ്, സുരൻ എന്നിവർ മത്സ്യബന്ധനത്തിനു പോയത്. ഇവർ പോയ ബോട്ടിൽ വയർലെസ് സംവിധാനം ഇല്ലാത്തത്തിനാൽ യാതൊരു വിധ ആശയ വിനിമയത്തിനും സാധിച്ചിട്ടില്ല. നാളെ മുതൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഉൾകടലിലടക്കം ഇവർക്കായി തിരച്ചിൽ നടത്തുമെന്നും തഹസിൽദാർ അറിയിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യത ഉള്ളതിനാൽ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്.