ബാരയിൽ മതിലിടിഞ്ഞുവീണ് മാതാവിനും മകൾക്കും പരിക്ക്
കാസർകോട്: ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു. ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് നാല് വീടുകൾ തകർന്നു. ജില്ലയിൽ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.
വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചിത്താരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നീലേശ്വരം വില്ലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗികമായി തകർന്നു. കസബ വില്ലേജിൽ കാസർകോട് കടപ്പുറത്ത് നാല് വീടുകളിൽ വെള്ളം കയറി. കുടുബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ബാര വില്ലേജിൽ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഹഫീദ (30), മകൾ സഫ (3) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കാസർകോട് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട് 70 ശതമാനത്തോളം തകർന്നു. ഉപജീവനമാർഗമായ ഓട്ടോ പൂർണ്ണമായും തകർന്നു. ഏകദേശം അഞ്ച് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
തെക്കൻ ഭാഗങ്ങളിലും കനത്ത നാശം
തൃക്കരിപ്പൂർ: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം വീശിയടിച്ച കാറ്റിലും പെരുമഴയിലും കാസർകോട് ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടം. വീടുകൾ തകർന്നും കാർഷിക വിളകൾ നിലംപൊത്തിയുമാണ് കൂടുതലും നാശനഷ്ടമുണ്ടായത്. പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകി വീണ് വൈദ്യുതിതൂണുകളും ലൈനുകളും തകർന്നു.
സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് വിറ്റാക്കുളത്തെ വി.വി. ചിരിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് വൈദ്യുതി തൂൺ തകർന്നു വീണു. തെങ്ങ് കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതാണ് അപകടത്തിന് കാരണം. ഇവിടെ നാല് പോസ്റ്റുകളും ലൈനുകളും തകർന്നു. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് സംഭവം. വൈദ്യുതി ജീവനക്കാർ പോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിച്ചു വരികയാണ്. നടക്കാവ് പരങ്ങേൻ സദാനന്ദന്റെ വാഴത്തോട്ടത്തിൽ വൻമരം വീണ് നാശനഷ്ടമുണ്ടായി.
വലിയപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കടൽ ഇരച്ചു കയറി നിരവധി തെങ്ങുകൾ കടപുഴകുന്ന സ്ഥിതിയിലാണ്. മാവിലാക്കടപ്പുറം, വെളുത്ത പൊയ്യ, പന്ത്രണ്ടിൽ, ബീച്ചാര കടപ്പുറം, പടന്ന കടപ്പുറം, പട്ടേൽ കടപ്പുറം വലിയപറമ്പ, കന്നുവീട്, തൃക്കരിപ്പൂർ കടപ്പുറം, തയ്യിൽ സൗത്ത് എന്നിവിടങ്ങളിലാണ് കടലാക്രമണം തുടരുന്നത്. നിയുക്ത എം.എൽ.എ എം. രാജഗോപാലൻ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു.
ചെറുവത്തൂരിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി. പരന്തേൻ മാട്, ഓർക്കുളം, പുറത്തെ പൊള്ള, തലക്കാട്ട്, മുഴക്കീൽ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പരന്തേൻമാട് പ്രദേശത്ത് പുഴയും കടലും സംഗമിക്കുന്നിടത്താണ് വെള്ളം കയറിയത്. നിരവധി മരങ്ങൾ കടപുഴകി. തലക്കാട്ടെ വിനയന്റെ കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി. മുഴക്കീലിൽ ജനാർദ്ദനൻ, തമ്പായി എന്നിവരുടെ വീടുകളുടെ ഓട് പറന്നു. ഇവരെയും മാറ്റിപ്പാർപ്പിച്ചു. ചെറുവത്തൂർ ദേശീയ പാതയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി സമീപത്തെ മരത്തിലിടിച്ചു.