കാഞ്ഞങ്ങാട്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി റവന്യൂ വകുപ്പ് തിരിച്ചെടുത്തു. പെരിയ വില്ലേജിൽ നടപ്പിലാക്കിവരുന്ന പെരിയ കെ.ആർ നാരായണൻ കോ-ഓപ്പറേറ്റീവ് സെറ്റിൽമെന്റ് പ്രോഗ്രാമിനായി പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിനു കൈമാറിയ 166.42 ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കിയത്. ചെങ്ങറ പുനരധിവാസ പദ്ധതി പ്രകാരം കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച സൊസൈറ്റിക്ക് ഗുണഭോക്താക്കളുടെ എതിർപ്പും നിസ്സഹകരണവും കാരണം ലക്ഷ്യം പൂർത്തീകരിക്കാനായില്ല. മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. മാസ്റ്റർപ്ലാൻ പ്രകാരമുള്ള ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ സൊസൈറ്റി പരാജയപ്പെട്ടതിനാൽ സർക്കാർ സഹായത്തോടുകൂടിയുള്ള സൊസൈറ്റിയുടെ പ്രവർത്തനം നിർത്തലാക്കി സൊസൈറ്റി നിവാസികളുടെ ആവശ്യപ്രകാരം മുഴുവൻ ഭൂമിക്കും പട്ടയം നൽകാവുന്നതാണെന്നും ഇതിലേക്കായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കൈമാറിയ സ്ഥലം തിരിച്ച് റവന്യൂ വകുപ്പിനു കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കളക്ടർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗുണഭോക്താക്കൾക്ക് നിലവിലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പതിച്ചു നൽകുന്നതിനും സൊസൈറ്റിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൊതുമുതലുകളുടെ വില കണക്കാക്കി തുല്യ തുകയുടെ ഷെയർ സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനും അനുമതി നൽകി ഉത്തരവായിട്ടുണ്ട്.
ചെങ്ങറ ഭൂസമര പുനരധിവാസ പദ്ധതിപ്രകാരമാണ് പെരിയ നാലേക്രയിൽ ഭൂമി അനുവദിച്ചത്. ഗുണഭോക്താക്കളുടെ ജീവനോപാധികൾക്കും മറ്റുവരുമാന മാർഗം കണ്ടെത്തുന്നതിനുള്ള പദ്ധതികൾക്കുമായി 11.37 കോടി രൂപയും പട്ടികജാതി വികസന വകുപ്പ് അനുവദിച്ചു. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 സെന്റും മറ്റു വിഭാഗക്കാർക്ക് 25 സെന്റും വീതം ഭൂമിയാണ് അനുവദിച്ചത്. ഇതിൽ എട്ടു സെന്റ് കിടപ്പാടവും ബാക്കി കൃഷിഭൂമിയുമാണ്. എട്ട് സെന്റ് വീതം ഭൂമിയാണ് ഗുണഭോക്താക്കൾക്ക് പതിച്ച് നൽകിയത്. ബാക്കി സ്ഥലം സൊസൈറ്റിയുടെ പൊതു സ്വത്തായി നിലനിർത്തുകയായിരുന്നു.