മാഹി: മാഹി പുഴയ്ക്ക് കുറുകെ തലശ്ശേരി- മാഹി ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടുകൾ പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ബണ്ടുകൾ വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുന്നതിനാൽ ബണ്ട് പൊളിച്ചു മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്ന് ബണ്ടുകൾ പൊളിക്കുന്നതിന് തലശ്ശേരി-മാഹി ബൈപ്പാസ് പ്രോജക്ട് ഡയറക്ടറെ (കോഴിക്കോട്) ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിറക്കിയിരുന്നു.

ബണ്ട് ഉടനെ പൊളിച്ചുമാറ്റിയില്ലെങ്കിൽ ഉണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും ദേശിയപാതാ അധികൃതർ ഉത്തരവാദികളായിരിക്കുമെന്ന് ഉത്തരവിൽ കളക്ടർ വ്യക്തമാക്കി. ഇ.കെ.കെ. കമ്പനി അധികൃതരുമായി അഴിയൂർ പഞ്ചായത്തും ബന്ധപ്പെട്ടിരുന്നു.

നിയുക്ത എം.എൽ.എ

സ്ഥലത്തെത്തി

നിയുക്ത വടകര എം.എൽ.എ. കെ.കെ രമ പ്രദേശം സന്ദർശിക്കുകയും, ഉദ്യോഗസ്ഥരോട് ബണ്ടുകൾ പൊളിച്ചുമാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ എം.എൽ.എക്കൊപ്പം ബണ്ട് സ്ഥലം സന്ദർശിച്ചു.