ആലക്കോട്: മലയോര മേഖലയിൽ ശക്തിയായി പെയ്യുന്ന മഴയിലും കാറ്റിലും വ്യാപക നാശം. കാർഷിക വിളകൾ കാറ്റിൽ നശിച്ചു. മലവെള്ളപ്പാച്ചിലിൽ പലയിടത്തും റോഡുകൾ തകർന്നു. ഉരുൾപൊട്ടൽ ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്.
നടുവിൽ ഗ്രാമപഞ്ചായത്തിലെ പുലിക്കുരുമ്പ - കുടിയാന്മല ദേശസാൽകൃത റൂട്ടിൽ റോഡ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഈ റോഡിലെ ചപ്പാത്ത് എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന പാലത്തിനു സമാന്തരമായി നിർമ്മിച്ച റോഡാണ് ഒഴുകിപ്പോയത്. ഇതിനെത്തുടർന്ന് കുടിയാന്മല റൂട്ടിൽ വാഹനഗതാഗതം നിലച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, വൈസ് പ്രസിഡന്റ് രേഖ രഞ്ജിത്ത്, വാർഡ് മെമ്പർ സാജു ജോസഫ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് ആലിലക്കുഴിയിൽ, ബഷീറ പി, കുടിയാന്മല എസ്.ഐ. പ്രദീപ് കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടുവിൽ പഞ്ചായത്തിൽ 5 സ്‌കൂളുകളിൽ വീടുകളിൽ നിന്നും മാറി താമസിക്കേണ്ടവർക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതാനും കുടുംബങ്ങളിൽ നിന്നുള്ളവർ ക്യാമ്പുകളിലെത്തിയെങ്കിലും അവരെ സൗകര്യപ്രദമായ വീടുകളിലേയ്ക്ക് മാറ്റി താമസിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ പറഞ്ഞു.