പട്ടുവം: ശക്തമായ കാറ്റിലും മഴയിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം ഉണ്ടായി. മുതുകുട കിഴക്ക് കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് പതിച്ച് ഓവുചാൽ മൂടി വെള്ളക്കെട്ട് ഉണ്ടായി. വാർഡ് മെമ്പർ സീനത്ത് മീത്തിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണ് നീക്കം ചെയ്തു. കൂത്താട്ട് കുന്നരു ഇടുപ്പ റോഡിലെ കുന്നിൽ വിള്ളൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സമീപത്ത് താമസിക്കുന്ന കുട്ടികൃഷ്ണന്റെ കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ ഇ. ശ്രുതി, ടി. പ്രദീപൻ, തളിപ്പറമ്പ് ജോയിന്റ് ബി.ഡി.ഒ പി.പി. മീരാഭായി, എസ്.സി പ്രമോട്ടർ കെ. പ്രദീപൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കുളക്കട്ട് വയലിലെ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപത്തെ മാക്കൂട്ട രമേശന്റെ വീടിന് മുകളിലും, അരിയിലെ ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുകളിലും മരം കടപുഴകി വീണു. മംഗലശേരി, കാവുങ്കൽ, കുന്നരു, പടിഞ്ഞാറെ ചാൽ, മുതുകുട, അരിയിൽ ചീത്ത, കുതിരപ്പുറം പ്രദേശങ്ങളിലെ വയലുകളിൽ വെള്ളം കയറി.