malabar

ക​ണ്ണൂർ: ശമ്പള പരിഷ്കരണത്തിന് ഉത്തരവു വന്നെങ്കിലും പരിഷ്കരിച്ച ശമ്പളം എപ്പോൾ നൽകാൻ കഴിയുമെന്ന കാര്യത്തിൽ ഉത്തരം നൽകാതെ മലബാർ ദേവസ്വം ബോർഡ് അധികൃതർ.

വ​ർ​ഷ​ങ്ങ​ൾ നീണ്ട സമരങ്ങളുടെ ഫ​ല​മാ​യി ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര ജീവ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ചത്. ര​ണ്ടു വർഷം മു​മ്പ് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ശി​പാ​ർ​ശ, ബോ​ർ​ഡ് സ​ർ​ക്കാ​റി​ന് സ​മ​ർപ്പി​ച്ചെ​ങ്കി​ലും ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തിൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​ബാ​റി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യാ​യ കോ-​ഓ​ർ​ഡി​നേ​ഷൻ ക​മ്മി​റ്റി​യും ശാ​ന്തി​ക്ഷേ​മ യൂ​ണി​യ​നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് 64 ദി​വ​സം നീ​ണ്ടു നി​ന്ന സ​മ​രം ന​ട​ത്തി​യതിനു പിന്നാലെയാണ് ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മേൽശാന്തി, കീഴ‌്ശാന്തി, മാനേജർ, യു.ഡി ക്ലർക്ക‌്, എൽ.ഡി ക്ലർക്ക‌്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാർ, അടിച്ചുതളി, ചില ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട‌് എന്നിവർക്കാണ് ഇതിലൂടെ ശമ്പളം വർദ്ധിക്കേണ്ടത്. ക്ഷേത്രങ്ങളുടെ ഗ്രേഡ‌് മാറ്റാനുള്ള ശിപാർശയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ താഴ‌്ന്ന ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധന വരും.

വരുമാനത്തിനനുസരിച്ച‌് നിശ്ചയിച്ച സ‌്പെഷ്യൽ, എ, ബി, സി, ഡി ഗ്രേഡുകളിൽ അവസാന രണ്ടുഗ്രേഡുകൾ ഒന്നാക്കാനുള്ള ശിപാർശയാണ‌് ഉപസമിതി നൽകിയത്‌. സർക്കാർ ഗ്രാൻഡ് നൽകുമ്പോൾ മാത്രമേ 2009ലെ പരിഷ്‌കരണപ്രകാരമുള്ള ശമ്പളം ഭൂരിഭാഗം ക്ഷേത്രജീവനക്കാർക്കും ലഭിക്കാറുള്ളൂ. സ‌്പെഷ്യൽ, എ ഗ്രേഡ‌് ക്ഷേത്രജീവനക്കാർക്ക‌് 2009ലെ പരിഷ്‌കരണ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നുണ്ട്‌.

മലബാർ ദേവസ്വം ബോർഡിൽ ഇതുവരെ ശമ്പള പരിഷ്‌കരണമുണ്ടായിട്ടില്ല. അഡ്വ. ഗോപാലകൃഷ്ണൻ ചെയർമാനായ മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആശ്വാസം പകർന്ന് സർക്കാരിന്റെ പ്രഖ്യാപനം വന്നത്.

എന്നാൽ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും ക്ഷാ​മ​ബത്ത പ്ര​ഖ്യാ​പ​ന​ത്തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് പു​തു​ക്കി​യ ശ​മ്പ​ള-​ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന് ത​ട​സ​മെ​ന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുമ്പോൾ പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിക്കില്ലേ എന്ന ആശങ്കയിലാണ് ദേവസ്വം ജീവനക്കാർ.

മലബാർ ദേവസ്വം ബോർഡ്

പരിധി-പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകൾ

ക്ഷേത്രങ്ങൾ -1600