കണ്ണൂർ: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന നിരോധനം തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശ വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 16 ഷട്ടറുകളിൽ നാലെണ്ണം രണ്ട് സെന്റീമീറ്ററും വൈകിട്ട് നാലു മണിയോടെ 13 എണ്ണം 20 സെന്റീമീറ്ററും അഞ്ചു മണിയോടെ 35 സെന്റീമീറ്ററുമാണ് തുറന്നത്. ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് അണക്കെട്ട് ഭാഗികമായി തുറന്നത്.

നീർക്കടവ് ഭാഗത്ത് ശക്തമായ കാറ്റിൽ തകർന്നു പോയ വീടുകളും വെള്ളം കയറിയ പ്രദേശങ്ങളും നിയുക്ത എം.എൽ.എ കെ.വി സുമേഷ് സന്ദർശിച്ചു. മഴക്കെടുതിക്കിരയായവർക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി. മുൻ എം.എൽ.എ എം. പ്രകാശൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.