തളിപ്പറമ്പ്: ടാറിംഗിലെ അപാകതയെ തുടർന്ന് ദേശീയപാതയിൽ മൂന്നോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തളിപ്പറമ്പ് - കണ്ണൂർ പാതയിൽ തൃച്ചംബരം റേഷൻ കടയ്ക്ക് സമീപം ഇന്നലെ ആണ് അപകടം നടന്നത്. രണ്ട് പിക്കപ്പ് വാനുകളും ഒരു സ്‌കൂട്ടറുമാണ് റോഡിൽ തെന്നിവീണത്. പിക്കപ്പ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും സ്‌കൂട്ടർ യാത്രികൻ പരിക്കേറ്റ് ആശുപത്രിയിലായി.
കണ്ണൂർ ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് ഇതേ ഭാഗത്തേക്ക് തന്നെയാണ് ഫുട്പാത്തിലേക്ക് മറിഞ്ഞത്. കാസർകോടേക്ക് പോകുകയായിരുന്ന പിക്കപ്പ്‌വാൻ അതേവശത്തേക്ക് തന്നെ നിയന്ത്രണം വിട്ട് റോഡരികിലെ കടയുടെ മതിൽ തകർത്ത് മറിഞ്ഞു. ശനിയാഴ്ച രാവിലെ ഇതേ റോഡിൽ നിയന്ത്രണം വിട്ട ആംബുലൻസ് വാൻ മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റിരുന്നു. അടുത്തകാലത്ത് നവീകരിച്ച റോഡിൽ നിർമ്മാണത്തിലെ അപാകത മൂലമാണ് ഉപരിതലം കൂടുതൽ മിനുസമായത്. മഴപെയ്തതോടെയാണ് അപകടം കൂടുതൽ നടക്കുന്നത്.