തലശേരി: സഹകരണ ആശുപത്രിക്കു സമീപം ഇന്നലെ രാവിലെ വീശി അടിച്ച കാറ്റിൽ 15 ഓളം വീടുകൾക്ക് കേടുപാട് സംഭവിച്ചു. നിരവധി മരങ്ങൾ, എട്ട് ഇലക്ട്രിക്ക് പോസ്റ്റുകളും പൂർണമായും നാശം വിതച്ചു. വൈദ്യുതിയും ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. അഗ്നി ശമനസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ നീക്കം ചെയ്തത്. വാർഡ് കൗൺസിലർ എ.ടി ഫിൽഷാദ് നേതൃത്വം നൽകി.
മുഴപ്പിലങ്ങാട് കൂർമ്പക്കാവിന് സമീപം ജാനകി നിവാസിലെ എ.കെ. വസന്തകുമാറിന്റെ വീട്ട് കിണർ മഴയിൽ തകർന്നിടിഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിപ്പോഴേക്കും കിണർ പൂർണമായും ഇടിഞ്ഞ് താഴ്ന്നിരുന്നു കിണറിന്റെ ചുറ്റുവട്ടം മുഴുവൻ കിണറ്റിൽ വീണിട്ടുണ്ട്. വീടിനോട് ചേർന്ന ഭാഗത്തെ കുറച്ച് കല്ലുകളൊഴികെ ബാക്കി മുഴുവൻ ഇടിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികൾ ഉടനെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ വീടിന് നാശനഷ്ടമുണ്ടാകുന്നത് ഒഴിവായി. അടുത്ത പറമ്പിലുണ്ടായ മൺകൂന
കിണറിനുള്ളിൽ നിറച്ചാണ് വീടിനുണ്ടായ ഭീഷണി ഒഴിവാക്കിയത്.
കൊളശ്ശേരിയിൽ റോഡ് നെടുകെ പിളർന്നു. കൊളശ്ശേരി ടൗണിനും ഫ്‌ളൈ ഓവർ ജംഗ്ഷനും അടുത്തായി നിർമ്മാണത്തിലിരിക്കുന്ന മാഹി -മുഴപ്പിലങ്ങാട് ബൈപാസിലാണ് മഴയിൽ ഉദ്ദേശം 100 മീറ്റർ നീളത്തിൽ റോഡ് നെടുകെ വിണ്ടുകീറിയത്. റോഡിന്റെ അരിക് ഭിത്തി ഉറപ്പിക്കാൻ പാകിയ കോൺക്രീറ്റ് സ്ലാബുകളും അടർന്ന് മാറി തുടങ്ങിയിട്ടുണ്ട്. മഴ കൂടാതെ നിർമ്മാണത്തിലെ അപാകത കൂടി റോഡ് തകർച്ചക്ക് കാരണമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പൊന്ന്യം കുണ്ടുചിറ അണക്കെട്ടിൽ വെള്ളം കരകവിഞ്ഞ് ഒഴുകി. സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കതിരൂർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
അണക്കെട്ടിന്റെ ചീപ്പ് വലിക്കാതിരുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ഉയർന്നത്. പിന്നീട് നിയുക്ത എം.എൽ.എ എ.എൻ ഷംസീർ അടക്കം ഇടപെട്ട് മൂന്ന് ചീപ്പുകൾ വലിച്ച് മാറ്റി. പൊന്ന്യം പാലത്തെ കക്കടവത്ത് താഴെ കുനിയിൽ പ്രമോദിന്റെ വീട്ടുകിണറും മഴയിൽ പൂർണ്ണമായും ഇടിഞ്ഞുതാണു.