കാസർകോട്: മലേഷ്യൻ കമ്പനിയുടെ പേരിൽ പത്തിരട്ടി ലാഭം വാഗ്ദാനം ചെയ്ത് മണിചെയിൻ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.എ.ജലാലുദ്ദീൻ (36), ബി.എ.അബ്ദുൽ മൻസിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈ എസ് പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കാസർകോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ ഈ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാവേദ് (28) എന്ന ബിടെക് ബിരുദധാരിയാണ് ആദ്യം പിടിയിലായത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് സ്വദേശികളായ എം.കെ. ഹൈദരാലി, എം.കെ. ശാജി എന്നിവർ കാസർകോട് പൊലീസിന്റെ പിടിയിലായിരുന്നു. പ്രിൻസസ് ഡയമൻഡ് ആൻഡ് ഗോൾഡ് കമ്പനിയുടെ ഡയറക്ടർമാരാണ് ഇരുവരും. കാസർകോട്, മംഗളൂരു അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഗൾഫിലും നിരവധി പേർ ഇവരുടെ കെണിയിൽ അകപ്പെട്ടിരുന്നു.
ജാവേദ് നേരിട്ട് 543 പേരെയും ഇവർ മുഖേന 4000 ഓളം പേരെയും മണിചെയിൻ ശൃംഖലയിൽ ചേർത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലൂടെ 47.72 കോടി രൂപയാണ് സമാഹരിച്ചത്. 500 കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രത്യേക ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം ആറ് ഡോളർ ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ആദ്യം പണം നിക്ഷേപിച്ചവർക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകി ഇവരിലൂടെ 10 ശതമാനം വരെ കമ്മിഷൻ നൽകി കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കുകയായിരുന്നു സംഘം.
ജലാലുദ്ദീനെയും മൻസിഫിനെയും പിടികൂടിയ സംഘത്തിൽ സൈബർ സെൽ എസ്.ഐ കെ. അജിത്ത്, എസ്.ഐമാരായ നാരായണൻ നായർ, സി.കെ. ബാലകൃഷ്ണൻ, കെ. ജനാർദ്ദനൻ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, സി.പി.ഒ മാരായ ഓസ്റ്റിൻ തമ്പി, എൻ. രാജേഷ്, പി. ശിവകുമാർ, ജെ. ഷജീഷ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.