ന്യൂമാഹി: മയ്യഴിപ്പുഴ സംരക്ഷണ സമിതി നല്കിയ മുന്നറിയിപ്പ് അവഗണിച്ചത് മൂലം ഒരു പ്രദേശമാകെ മഴവെള്ളത്തിൽ മുങ്ങി. മങ്ങാട്, ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ കെടുതിയിലായത്. തലശ്ശേരി- മാഹി ബൈപാസ് റോഡിന്റെ നിർമ്മാണ വേളയിലാണ് തോടുകളുടെ ഒഴുക്ക് തടസ്സപ്പെടുകയും, ഏക്ര കണക്കിന് ചതുപ്പ് നിലം നികത്തപ്പെടുകയും ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി അനുഭവപ്പെട്ട വെള്ളപ്പൊക്കഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നാട്ടുകാർ മുൻകൂട്ടി തന്നെ അടിയന്തര നടപടികൾ സ്വീകരിക്കാൻ വില്ലേജ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടത്. ഇവർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
തോടുകളും നീർച്ചാലുകളും മണ്ണ് നിറഞ്ഞ് പലയിടങ്ങളിലും ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കഴിഞ്ഞ രണ്ട് മഴക്കാലത്തും പ്രദേശത്ത് വെള്ളം ഉയർന്ന് ഒട്ടേറെ വീടുകൾക്ക് ഭീഷണിയായിരുന്നു. പഞ്ചായത്തിലെ ഒരു പ്രധാന നീർത്തടപ്രദേശമായ മങ്ങാട് തോട് കവിയൂർ റോഡിന് തെക്കുവശം പടിക്കൽ കൂലോത്തിന്റെ മുൻവശമടക്കം 150 മീറ്റർ നീളത്തിൽ തോട് അപ്രത്യക്ഷമായിരിക്കുകയാണ്. ഇവിടെ ഒഴുക്കിന്റെ തുടർച്ച നഷ്ടപ്പെട്ടതായി വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. ഈ തോട് നവീകരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ട് അധികമായിട്ടില്ല. മാഹിയുടെ ഭാഗമായ പള്ളൂർവയൽ, ന്യൂമാഹിയിലെ മാങ്ങോട്ട് വയൽ, മാങ്ങാട് വയൽ എന്നീ പ്രദേശങ്ങളിലെ ശക്തമായ വർഷകാല ജല പ്രവാഹം മാഹിപ്പുഴയിലെത്തുന്നത് ഈ തോടിലൂടെയാണ്. തോടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെരുമുണ്ടേരി, കല്ലാമല എന്നീ ചെറുകുന്നുകളും പെടുന്നുണ്ട്.
ദിശ അറിയാത്ത പ്രവൃത്തി
ബൈപാസ് പാലത്തിന്റെ അനുബന്ധറോഡിൽ ഒരു കോൺക്രീറ്റ് ഓവ് പണിതിട്ടുണ്ടെങ്കിലും, അതിലെ ഒഴുക്കിന്റെ ദിശ നിർണ്ണയിച്ചത് എങ്ങോട്ടെന്ന് വ്യക്തമല്ല. തോടിന്റെ രണ്ടുവശങ്ങളും തുടർച്ച നഷ്ടപ്പെട്ട് വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. അതിനാൽ ഇരുവശങ്ങളും ഒരുപോലെ വെള്ളപ്പൊക്കത്തിലുമായി.
കാലവർഷം കണ്ണീരാകും
പുഴയിലേക്കുള്ള തോടിന്റെ മൂടിപ്പോയ ഭാഗം പുതിയ തോട്കീറി പുനഃസ്ഥാപിച്ചില്ലെങ്കിൽ, ഒട്ടേറെ കുടുബങ്ങളെ ഇനി വർഷകാലത്തും മാറ്റിതാമസിപ്പിക്കേണ്ടി വരും. ഇപ്പോൾ തന്നെ ചില വീട്ടുകാർ പുറത്തിറങ്ങാനാവാതെ, ചുറ്റിലും വെള്ളക്കെട്ടിലകപ്പെട്ടിരിക്കുകയാണ്.