തലശ്ശേരി: പോർച്ചുഗീസുകാർ നിർമ്മിച്ച കുറിച്ചിയിൽ കടലോരത്തെ പാറക്കെട്ടിൽ, നൂറ്റാണ്ടുകളോളം കടൽയാത്രികർക്ക് വഴിവിളക്കായി നിന്ന സ്തൂപം, പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികളും, ചരിത്രാന്വേഷികളും ചേർന്ന് തലശ്ശേരി നിയുക്ത എം.എൽ.എ അഡ്വ: എ.എൻ. ഷംസീറിന് നിവേദനം നൽകി.
ശക്തമായ കടൽക്ഷോഭത്തിൽ ശനിയാഴ്ചയായിരുന്നു ചരിത്ര സ്തൂപത്തെ കൂറ്റൻ തിരമാലകൾ ചുഴറ്റിയെറിഞ്ഞത്. നൂറ്റാണ്ടുകളോളം കുറുങ്ങോട്ട് നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടെയാണ്, നാടുവാഴികളായ കുറുങ്ങോട്ട് നായൻമാരുടെ കോട്ടയും സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ അതിര് ഈ സ്തൂപം വരെ നീണ്ടു നിന്നിരുന്നു. ബ്രിട്ടീഷ് ഫ്രഞ്ച് യുദ്ധങ്ങൾ ഈ പ്രദേശത്ത് വെച്ചാണ് നടന്നത്. കറുങ്ങോട്ട് നായർ ഫ്രഞ്ച് അനുകൂലിയായിരുന്നു. ചരിത്രത്തിലിടം നേടിയ കല്ലായി തുറമുഖം കുറുങ്ങോട്ട് നായരുടെ അധീനതയിലായിരുന്നുവെന്ന് ഫ്രഞ്ച് ഇന്ത്യയുടെ ചരിത്രമെഴുതിയ ആൽഫ്രഡ് മാർട്ടി നോയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറുങ്ങോട്ട് നാട് നിർണ്ണായക പടയോട്ട ഭൂമിയായിരുന്നുവെന്ന് 1707ൽ മയ്യഴി സന്ദർശിച്ച ഹാമിൽട്ടനും രേഖപ്പെടുത്തിയിട്ടുണ്ട്.
തച്ചോളി ചന്തുവിനോട് പകരം ചോദിക്കാനെത്തിയ ആരോമലുണ്ണിയും, കണ്ണപ്പനുണ്ണിയും വേഷം മാറിയെത്തി, ചന്തുവിന്റെ തലയറുത്തത് ഈ കോട്ടയിൽ വെച്ചാണെന്ന് വടക്കൻ പാട്ടുകളിൽ പറയുന്നുണ്ട്. കുറുങ്ങോട്ട് നാടുവാഴിയായിരുന്ന ഉണി ചന്ദ്രോർ നായരുടെ പടനായകനായിരുന്നു തച്ചോളി ചന്തു. നാടുവാഴിയുടെ കോവിലകവും, അമ്പലവും അമ്പലക്കുളവും, ആൽത്തറയുമെല്ലാം ഇവിടെയുണ്ടായിരുന്നു. എല്ലാം ഇപ്പോൾ നാമവശേഷമായി. കുറിച്ചിക്കോട്ട കടലിലേക്ക് അൽപ്പം തള്ളി നിൽക്കും വിധത്തിലായിരുന്നു.
കുറിച്ചിയിൽ കടപ്പുറത്തെ സ്തൂപത്തിന്റെ നിറുകയിൽ, കണ്ണാടിക്കൂട്ടിനകത്ത് രാത്രികാലങ്ങളിൽ വെളിച്ചം പകരാൻ മണ്ണെണ്ണ വിളക്കുണ്ടായിരുന്നു. ഏണി വെച്ച് കയറി വിളക്ക് കൊളുത്താൻ ഒരു ചുമതലക്കാരനുമുണ്ടായിരുന്നു. ഇത് 1956 വരെ മാത്രമേ തുടർന്നുള്ളൂ (മലബാർ മദിരാശി സംസ്ഥാനമായി നിലകൊണ്ട കാലം വരെ ). 1956 നവമ്പർ ഒന്നിന് കേരളം രൂപപ്പെട്ട ശേഷം വിളക്ക് കൊളുത്തിയതായി അറിവില്ലെന്ന് തദ്ദേശവാസിയായ കെ. വസന്തൻ പറയുന്നു.
ന്യൂ മാഹിയുടെ പരിഛേദ ചിഹ്നമായി മാറിയ ഈ പൗരാണിക സ്മാരകം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ തീരദേശ അതോറിറ്റി മുൻകൈയ്യെടുക്കണമെന്ന് ഒരു നാടാകെ ആവശ്യപ്പെടുകയാണ്. അതിനിടെ, വിദേശത്തുള്ള നിരവധി ചരിത്ര കുതുകികൾ സ്തൂപം പുനർനിർമ്മിക്കാൻ സഹായ വാഗ്ദാനമറിയിച്ചിട്ടുണ്ട്.