തളിപ്പറമ്പ്: ആറ് മാസം മുൻപ് പണി കഴിഞ്ഞ ദേശീയപാത അപകടക്കെണിയൊരുക്കുന്നു. റോഡിന്റെ ഉപരിതലം പരുക്കനാക്കി വീണ്ടും ടാർ ചെയ്യണമെന്ന ആവശ്യം ശക്തം. തളിപ്പറമ്പ് പൂക്കോത്ത് നട മുതൽ കുറ്റിക്കോൽ പാലം വരെയുള്ള ദേശീയപാതയിലാണ് റോഡിന്റെ ഉപരിതലം മിനുസമായി അപകടങ്ങൾ പെരുകുന്നത്. റോഡിൽ മരണവും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും പതിവായതോടെ ഡ്രൈവർമാർ ഉൾപ്പെടെ ആശങ്കയിലായി.
കഴിഞ്ഞദിവസം മഴ പെയ്തതോടെ അപകടപരമ്പര കണ്ട് പതറിപ്പോയ നാട്ടുകാരും, ഡ്രൈവർമാരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. പൂക്കോത്ത് നട മുതൽ വേളാപുരം വരെയുള്ള ഭാഗത്തെ 10 കിലോമീറ്റർ റോഡാണ് ദേശീയപാത അധികൃതർ നവീകരിച്ചത്. ഒരു കിലോമീറ്റർ ദൂരത്തിന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്. ഈ റോഡിലാണ് ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡിൽ വഴുക്കൽ അനുഭവപ്പെടുന്നത്. ടാറിംഗിന് ഉപയോഗിച്ച ബിറ്റുമിന്റെ അളവ് കൂടിപ്പോയതാണ് ഈ ഭാഗത്ത് റോഡ് കൂടുതൽ മിനുസം വരാൻ കാരണമെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ഏഴാംമൈലിൽ കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിയാൻ കാരണം റോഡിലെ വഴുക്കലാണത്രെ. രണ്ട് മാസം മുമ്പ് ചാറ്റൽ മഴയത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയിലിടിച്ച് ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. നിരവധി അപകടങ്ങൾ വേറെയും ഈ ഭാഗത്ത് സംഭവിച്ചു. ലേക്ക് ഡൗൺ സമയമായത് കൊണ്ടാണ് മഴപെയ്തിട്ടും അപകടങ്ങളുടെ എണ്ണം കുറയാൻ കാരണം.