മാഹി: കൊവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ നാലുജീവനുകൾ നഷ്ടമായ കുടുംബത്തിന് രണ്ടുപേരുടെ ചികിത്സാചിലവായി സ്വകാര്യാശുപത്രിക്ക് നൽകേണ്ടിവന്നത് പത്തുലക്ഷത്തിലധികം രൂപ. ന്യൂമാഹി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മവീട്ടിനാണ് ദുരന്തത്തിനിടയിലും ഇടിത്തീ പോലെ വന്ന സ്വകാര്യാശുപത്രിയുടെ ബിൽ അടക്കേണ്ടിവന്നത്. .
സഹോദരങ്ങളായ പി.കെ.വി.ആരിഫ, ഫാസില,ഫൗസിയ, ഫൗസിയയുടെ ഭർത്താവ് പുതുവാച്ചേരി ബഷീർ എന്നിവരെയാണ് ഈ കുടുംബത്തിന് നഷ്ടപ്പെട്ടത്. ഇവരിൽ ഫൗസിയയ്ക്കും ഭർത്താവ് ബഷീറിനുമായി കോഴിക്കോട്ടെ സ്വകാര്യാശുപത്രി ഈടാക്കിയത് 10,15,576 രൂപയാണ്. 13 ദിവസം ഈ ആശുപത്രിയിൽ കഴിഞ്ഞ ബഷീറിന്റെ പേരിൽ 6,96,000 രൂപയാണ് അടക്കേണ്ടിവന്നത്. ഫൗസിയയുടെ ചികിത്സാചിലവായി 3,19,576 രൂപയും. ഒരാഴ്ചയ്ക്കിടയിൽ നാലുപേരുടെ മരണത്തിലൂടെ തകർന്ന കുടുംബാംഗങ്ങൾ ആശുപത്രി അധികൃതരുമായി തർക്കിക്കാൻ നിൽക്കാതെ പണമടച്ച് മൃതദേഹങ്ങളുമായി മടങ്ങുകയായിരുന്നു.
ഫൗസിയയുടെ സഹോദരി ഫാസില കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മറ്റൊരു സഹോദരി ആരിഫ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ആരിഫയുടെ ഭർത്താവ് ഇക്ബാൽ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയിരുന്നു. ഇവരുടെ സഹായത്തിനായി നിന്ന ആളിൽ നിന്ന് നിത്യേന ആയിരം രൂപ റൂം വാടകയും ആശുപത്രി അധികൃതർ ഈടാക്കിയിരുന്നു.