കാസർകോട്: ടൗക് തേ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്ടം. അഞ്ച് ട്രാൻസ്‌ഫോർമറുകൾക്ക് നാശനഷ്ടം സംഭവിച്ചു. 3215 ട്രാൻസ്‌ഫോർമറുകളുടെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കേണ്ടി വന്നു. 270 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുനശിച്ചുപോയി. 5,32,576 സർവീസ് കണക്ഷനുകൾ തകരാറിലായി. 686 സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി കെ.എസ്.ഇ.ബിയുടെ ഒറ്റക്കെട്ടായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ആശുപത്രികൾ, സി.എഫ്.എൽ.ടി.സികൾ, കുടിവെള്ള വിതരണ പദ്ധതികൾ തുടങ്ങി എല്ലാ അവശ്യ സേവന വിഭാഗങ്ങൾക്കും വൈദ്യുതി ലഭ്യത ഉറപ്പാക്കാനും ഭൂരിഭാഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടന്നുവരുന്നതായി കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.