tiger

ചെറുപുഴ: കാനംവയലിൽ കർണാടക വനത്തിൽ നിന്നിറങ്ങിയ കടുവ രണ്ടു നായകളെ ആക്രമിച്ചു. ഒരു നായയെ കടിച്ചെടുത്തു കൊണ്ടുപോയി. ഞായറാഴ്ച രാത്രിയാണ് സംഭവം. കർണ്ണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കാനംവയലിലെ കായമ്മാക്കൽ സണ്ണിയുടെ കൃഷിയിടത്തിൽ നിന്നും 200 മീറ്റർ ദൂരത്താണ് സംഭവം.

ഇവിടെ 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മണിയൻ എന്ന ആളുടെ വളർത്തുനായകളെ ആണ് കടുവ ആക്രമിച്ചത്. അർദ്ധരാത്രിയോടെ നായകൾ പ്രത്യേക ശബ്ദത്തിൽ കരയുന്നതു കേട്ട് മണിയൻ പുറത്തിറങ്ങി നോക്കുമ്പോഴാണ് മുറ്റത്ത് കടുവയെ കണ്ടത്. വീട്ടിനകത്തേക്ക് കയറിയ ഇയാൾ സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മണിയനൊപ്പം പന്ത്രണ്ടോളം പേർ ജോലി ചെയ്യുന്നുണ്ടെങ്കിലും വൈകുന്നേരത്തോടെ മടങ്ങിപ്പോകുകയാണ് പതിവ്. കടുവ ഇറങ്ങിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമായ ഇവിടെ ഇതുവരെ കടുവയുടെ ശല്യം അനുഭവപ്പെട്ടിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.