ആളപായമില്ല
കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം. കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പുതിയതെരുവിൽ പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.
ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ചിറക്കൽ ധനരാജ് തിയറ്ററിന് മുൻവശത്തുള്ള തലശേരി ഹോട്ടലിലേക്കാണ് ടാങ്കർ ലോറി ഇടിച്ചുകയറിയത്. ഹോട്ടൽ പൂർണമായും തകർന്നു.
ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടാങ്കർ അപകടമാണിത്.ലോക്ക്ഡൗണായതിനാൽ റോഡിൽ വണ്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ടാങ്കർ ലോറികളും മറ്റും അമിതവേഗതയിലാണ് പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.