തളിപ്പറമ്പ്: കർണാടക മദ്യം സഹിതം പാലകുളങ്ങര സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു, 18 ലിറ്റർ മദ്യം പിടിച്ചെടുത്തു. പാലകുളങ്ങര സ്വദേശികളായ പുതിയ വീട്ടിൽ പി.വി. രാജേഷ് (36), കക്കോൽ വീട്ടിൽ കെ.വി. മഞ്ജുനാഥ് (38) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം.ദിലീപും സംഘവും നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം ആണ് പിടികൂടിയത്. ആവശ്യക്കാർ ഗൂഗിൾപേ വഴി പണം അയച്ചാൽ വീട്ടിൽ മദ്യം എത്തിച്ചുകൊടുക്കലാണ് ഇവരുടെ രീതി. പ്രീവന്റീവ് ഓഫീസർ കമലക്ഷൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം ഖലീൽ, വിനീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിഷ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.