ചെറുവത്തൂർ: ദേശീയപാതയിൽ ദീർഘദൂര യാത്രക്കാർ, അന്യസംസ്ഥാനത്ത് നിന്നും വരുന്ന ലോറികളിലെയും മറ്റു വാഹനങ്ങളിലെയും ഡ്രൈവർമാർ, ക്ളീനർമാർ തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് അനുഗ്രഹമാവുകയാണ് ചെറുവത്തൂരിൽ നിന്നും ലഭിക്കുന്ന ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറുകൾ. കഴിഞ്ഞ പെരുന്നാൾ ദിവസം മുതൽ അഞ്ചു ദിവസമായി പൊതിച്ചോറുകൾ നൽകിവരികയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
'ഭക്ഷണം കഴിച്ചോ ..' എന്ന് വലുതായി എഴുതിയ ബോർഡ് ഉയർത്തിപ്പിടിച്ചു കൊണ്ടാണ് വിശപ്പിന്റെ വിളി കേൾക്കുന്നവരെ ഒരു സംഘം യുവജന നേതാക്കൾ സ്വാഗതം ചെയ്യുന്നത്. ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുന്നത് മൂലം ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം കിട്ടാതെ വരുന്ന സാഹചര്യം നിലവിലുള്ളത് കൊണ്ടാണ് ഇത്തരമൊരു മാതൃകാപരമായ ക്യാമ്പയിൻ. ലോക്ക് ഡൗൺ എത്ര നീണ്ടുപോയാലും പോതിച്ചോർ വിതരണം തുടരും.
ചെറുവത്തൂർ ബ്ലോക്ക് പരിധിയിലെ വിവിധ യൂണിറ്റുകളിലെ വീടുകളിൽ നിന്നാണ് പൊതിച്ചോറുകൾ ശേഖരിക്കുന്നത്. ഒരു ദിവസം 150 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു. നിയുക്ത എം.എൽ.എ എം. രാജഗോപാലനും കഴിഞ്ഞ ദിവസം ഉച്ചക്ക് ചെറുവത്തൂരിൽ എത്തി പ്രവർത്തകരുടെ ഒപ്പം പൊതിച്ചോറ് കൊടുക്കാൻ സഹായിക്കുകയുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് കെ.പി വിജയകുമാർ, സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ. സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോറുകളുടെ വിതരണം.