medical-college
കോഴിക്കോട് മെഡിക്കൽ കോളജിൽ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ ഓക്സിജൻ നിറയ്ക്കുന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.എം.എസ്.വൈ ബ്ളോക്കിന്റെ ഭാഗമായി സ്ഥാപിച്ച 13 കിലോ ലിറ്റർ ഓക്‌സിജൻ പ്ളാന്റ് കമ്മിഷൻ ചെയ്തു. കൊവിഡ് ബാധിതർക്ക് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണിത്. ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

യുദ്ധകാലാടിസ്ഥാനത്തിൽ ഏഴ് ദിവസം കൊണ്ടാണ് 13,000 ലിറ്റർ സംഭരണ ശേഷിയുള്ള ഓക്‌സിജൻ പ്ളാന്റ് സജ്ജീകരിച്ചത്. ഇതുവഴി ആശുപത്രിയിലെ 400 ബെഡുകളിലേക്ക് ഓക്‌സിജൻ ലഭ്യമാക്കാനാവും. കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ച പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ഓക്‌സിജൻ പോരാതെ വരുന്ന സാഹചര്യമുണ്ടായേക്കാമെന്ന വിലയിരുത്തലിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു.