govindan
എം.വി.ഗോവിന്ദൻ

കണ്ണൂർ: പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുള്ള പ്രാതിനിധ്യം കുറഞ്ഞു. മുഖ്യമന്ത്രിക്ക്​ പുറമെ ഒരു മന്ത്രിയെ മാത്രമാണ് ഇത്തവണ കണ്ണൂരിന് കിട്ടിയത്. ഭരണത്തുടർച്ച ലഭിച്ചാൽ ജില്ലക്ക്​ അഞ്ച്​ മന്ത്രിമാരെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയുടെ അന്തിമ പട്ടികയിറങ്ങിയ​പ്പോൾ എം.വി. ഗോവിന്ദന് മാത്രമാണ്​ നറുക്ക്​ വീണത്​. കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ നാല്​ മന്ത്രിമാരായിരുന്നു ജില്ലയിൽ നിന്നുണ്ടായിരുന്നത്​. പിണറായി വിജയൻ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ്​ മന്ത്രിസഭയിലെ അംഗങ്ങൾ. ഇതിൽ ജയരാജന്​ പാർട്ടിയുടെ രണ്ട്​ ടേം നിബന്ധന പ്രകാരം ​ഇത്തവണ മത്സരിക്കാൻ സീറ്റു നൽകിയിരുന്നില്ല.

ഇത്തവണ പിണറായി വിജയന് പുറമെ​ കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ, കെ.പി. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മ​​ന്ത്രി പദവിലെത്തുമെന്നായിരുന്നു കണക്കൂകൂട്ടൽ. ഇതിൽ ഘടക കക്ഷിയായ എൽ.ജെ.ഡിക്ക്​ മന്ത്രി സ്​ഥാനം നൽകണ്ടേതില്ലെന്ന തീരുമാന​ത്തോടെ കെ.പി. മോഹന​ന്റെ സാദ്ധ്യത ഇല്ലാതായി. രണ്ടര വർഷം എന്ന ഘടകകക്ഷികൾക്കുള്ള ‘ഊഴത്തിൽ കടന്നപ്പള്ളിയും മ​ന്ത്രി സ്​ഥാനത്തെത്താൻ വൈകും. ഇതോടെ മന്ത്രിസഭയിൽ കാലാകാലങ്ങളായുള്ള കണ്ണൂരിന്റെ പ്രാതിനിധ്യം കുറഞ്ഞിരിക്കയാണ്.

എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ്​ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ കണ്ണൂർ മേലെ ചൊവ്വ സ്വദേശിയാണ്​. എൻ.സി.പി നേതാവായ അദ്ദേഹം 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്​ ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ജനവിധി തേടി നിയമസഭയിലെത്തിയത്​. ഇത്തവണയും അതേ മണ്ഡലത്തിൽ നിന്ന്​ അദ്ദേഹം ജനവിധി തേടി വിജയിച്ച്​ മന്ത്രിസഭയിൽ അംഗമാകുകയാണ്​.