കൂത്തുപറമ്പ്: കൊവിഡ് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഏഴിമലയിൽ നിന്നുള്ള 4 അംഗ നേവി സംഘം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തി. കമാന്റർ സന്തോഷ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂത്തുപറമ്പിലെത്തിയത്.
ജില്ലയിൽ നടക്കുന്ന സേഫ്റ്റി ഓഡിറ്റിംഗിന്റെ ഭാഗമായാണ് ഉന്നത നേവി ഉദ്യോഗസ്ഥ സംഘം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിയത്.

താലൂക്ക് ആശുപത്രിയിലെ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം, ഓക്സിജൻ പ്ലാന്റ്, ജനറേറ്റർ, പവർ സപ്ലൈ എന്നിവ ഉദ്യോഗസ്ഥ സംഘം വിശദമായി പരിശോധിച്ചു. അതോടൊപ്പം കൊവിഡ് ട്രയാജ് സെന്റർ, അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, വാർഡുകൾ, രോഗികൾ എത്തിപ്പെടുന്ന മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഉന്നത സംഘം പരിശോധിച്ചു. പി.പി.ഇ കിറ്റണിഞ്ഞാണ് ട്രയാജ് സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നേവി സംഘം പരിശോധന നടത്തിയത്.

ആശുപത്രി പ്രവർത്തനത്തിൽ പൊതുവെ തൃപ്തി രേഖപ്പെടുത്തിയ നേവി സംഘം ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് മടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ, പി.ആർ.ഒ. സിജു ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരും നേവി സംഘത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.