തലശ്ശേരി: കൊവിഡ് ലോക്ക് ഡൗണിൽ വിലക്കില്ലെങ്കിലും നിർമ്മാണമേഖലയിൽ തൊഴിൽ സ്തംഭനാവസ്ഥ തന്നെ. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി, കൂലവേല ചെയ്ത് ഉപജീവനം കഴിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുന്നു. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലേക്ക് കൂലവേലക്കാരെ കൊണ്ടുപോകാറുള്ള മേസ്ത്രിമാർ എത്തുന്ന തലശ്ശേരി ടി.സി.മുക്കിലെ പഴശ്ശിരാജ പാർക്കിനടുത്ത് അവരെ കാത്ത് നിന്ന് മടുത്ത് നിരാശരായി തിരിച്ചു പോകുന്ന തൊഴിലാളികളുടെ കാഴ്ചയാണ് നിത്യവും കാണാനുള്ളത്.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കടകൾ നിയന്ത്രിതമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും നിർമ്മാണ മേഖലയിലെ പ്രധാന തൊഴിലാളികളായ ബംഗാളികളും, ബീഹാറികളുമൊക്കെ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ത്രിപുര, ആസ്സാം മേഖലയിലുള്ളവരാണ് മിക്കവാറും ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നത്. ഇവരും നാട്ടിലേക്ക് നേരത്തെ മടങ്ങി. ഇപ്പോൾ തമിഴ് നാട്ടിലെ സേലം, കള്ളക്കുറുച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തൊഴിൽ തേടി എത്തിയവരാണ് ഭൂരിഭാഗം പേരും തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വീടുകളും ലൈൻ മുറികളും വാടകയിൽ കൂട്ടത്തോടെ താമസിക്കുന്നത്. കൂലി പണി മാത്രമാണ് ഇവർക്ക് ആകെ വശമുള്ളത്. ഇതാണ് തൊഴിലിടങ്ങളിൽ പണി നിർത്തിവച്ചതോടെ മേസ്ത്രിമാരുടെ വരവ് കുറഞ്ഞ് ഇവർ പ്രതിസന്ധിയിലേക്ക് നീങ്ങാനും കാരണം.
തൊഴിൽ കാത്ത് നിന്ന്
നിരാശരായി മടക്കം
അതിരാവിലെ തന്നെ ഇവർ കൂലിവേലക്ക് ആളെ അന്വേഷിച്ചെത്തുന്ന മേസ്ത്രിമാരെ കാത്ത് ഈ സംഘം തലശ്ശേരി ടി.സി മുക്കിലെ പഴശ്ശിരാജ പാർക്കിന് സമീപമെത്തും. നിർമ്മാണമേഖലകളിലേക്കും, വീടുകളിലെ പറമ്പുകളിലെ ചെറു ജോലികൾക്കുമാണ് ഇവരെ കൊണ്ടുപോകുക. തൊഴിലുടമയുമായി കരാറുറപ്പിച്ച മേസ്ത്രിമാർ അവരുടെ കമ്മീഷൻ കഴിച്ച് ബാക്കി തുകയാണ് കൂലിയായി നൽകുക. സാമാന്യം ജീവിക്കാനുള്ള വക കൂലിയായി കിട്ടും.
താമസസ്ഥലത്തിന് വാടക കൊടുക്കാനാവുന്നില്ല. ബസ് ഇല്ലാത്തതിനാൽ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ജോലി പോലും ചെയ്യാനാവുന്നില്ല. ഭക്ഷണം പോലും കിട്ടാതായി. കുടുംബം പട്ടിണിയിലും അർദ്ധ പട്ടിണിയിലുമാണ്.
കള്ളക്കുറിച്ചി സ്വദേശിനി പാർവതി