പയ്യന്നൂർ: കനത്ത മഴയിൽ പയ്യന്നൂർ മെയിൻ റോഡിൽ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തെ വൻ ആൽമരം കടപുഴകി റോഡിന് കുറുകെ വീണു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സംഭവം. ലോക്ക്ഡൗൺ സമയമായതിനാൽ വാഹനങ്ങളും, കാൽനടയാത്രക്കാരും കുറവായതിനാൽ വലിയ ദുരന്തം വഴിമാറുകയായിരുന്നു.
ഗതാഗതത്തിന് ഏതാനും സമയം തടസ്സം നേരിട്ടു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ശ്രമകരമായ പ്രവർത്തനത്തിലൂടെ മരം മുറിച്ചു നീക്കിയാണ് ഗതാഗതo പുനഃസ്ഥാപിച്ചത്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, പൊതുമരാമത്ത് വകുപ്പ് ഓവർസീയർ നിമിഷ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന് കിഴക്ക് ഭാഗം പുതിയ ബസ് സ്റ്റാൻഡിനടുത്ത് മെയിൻ റോഡിൽ ഉണ്ടായിരുന്ന വൻ പൂമരം ഇതുപോലെ കടപുഴകി വീണിരുന്നു. അന്നും അർദ്ധ രാത്രിയിലാണ് മരം വീണതെന്നതിനാൽ അപകടം വഴിമാറുകയായിരുന്നു.