ചെറുവത്തൂർ: ചെറുവത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊവിഡ് ഒ.പി.യും താത്കാലിക നിരീക്ഷണ സംവിധാനവും പ്രവർത്തനക്ഷമമായി. ഇന്നലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് ഒ.പിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്. കൊവിഡിതര അസുഖങ്ങൾക്ക് സാധാരണ പോലെ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ സേവനം ലഭിക്കും. എന്നാൽ കൊവിഡ് പോസിറ്റീവ് രോഗികൾക്കും, പനിയുള്ളവർക്കും വേണ്ടിയുള്ള ഒ.പി. സേവനം തത്ക്കാലം 24 മണിക്കൂറാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരിശോധിക്കപ്പെട്ട രോഗികൾക്ക് അത്യാവശ്യമായി വരുന്ന കുറച്ചു നേരത്തെ ചികിത്സക്കും, നിരീക്ഷണത്തിനുമായുമുള്ള വാർഡും, ഓക്സിജൻ ബെഡ്ഡുകളും ഒരുക്കി. ചെറുവത്തൂർ ഹെൽത്ത് ബ്ലോക്ക് കൊവിഡ് കൺട്രോൾ സെല്ലിന്റെ കീഴിൽ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ആംബുലൻസ് സർവ്വീസും ഏർപ്പെടുത്തിയതായും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രമേഷ്.ഡി.ജി, ഡോക്ടർ ഗീത. വി, ഡോ. അബൂബക്കർ, ഹെഡ് നഴ്സ് സുജ, പി.വി ഉഷ, പി.ടി മോഹനൻ, ഉണ്ണികൃഷ്ണൻ, പവിത്രൻ, സുകന്യ, പി.ആർ.ഒ രമ്യ, ഫെമിന തുടങ്ങിയവർ സന്നിഹിതരായിരുന്നു.