തലശ്ശേരി: കാലവർഷം മുന്നിൽ കണ്ട് അധികൃതർ ഉണർന്ന് പ്രവർത്തിക്കാത്തതിന്റെ ദുരിതം പേറുന്നത് നൂറ് കണക്കിന് കുടുംബങ്ങൾ. മാഹി-തലശ്ശേരി ബൈപാസ് കടന്നുപോകുന്ന മാടപ്പീടിക വയലളം പ്രദേശത്തെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മാടപ്പീടികയെയും വയലളത്തെയും ബന്ധിപ്പിക്കുന്നതിനായി പുല്ലയിൽ താഴെയിൽ നിർമ്മിച്ച അടിപ്പാത ചെളിയും വെള്ളവും നിറഞ്ഞ് യാത്രാ യോഗ്യമല്ലാതായിരിക്കുകയാണ്. വാഹന ഗതാഗതവും കാൽനടയാത്രയും വെള്ളക്കെട്ടിനാൽ തടസ്സപ്പെട്ടിരിക്കുകയാണ്.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പ്രദേശത്തിന്റെ ഇരുഭാഗവും വെള്ളക്കെട്ടിനടിയിലാണ്. ഇതു കാരണം മാടപ്പീടിക, വയലളം ദേശങ്ങൾ ഒറ്റപ്പെട്ടുകിടക്കുകയാണ്. നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയോരത്തെയും ഇരു ഭാഗങ്ങളിലുമുള്ള സർവ്വീസ് റോഡുകളുടെയും വശങ്ങൾ ശക്തമായ മഴയിൽ ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. ഇതോടെ ഒഴുകിപ്പോകാനിടമില്ലാതെ ചെളിയും വെള്ളവും പരിസരത്തെ വീടുകളുടെ മുറ്റത്തും അകത്തുമായി കെട്ടിക്കിടക്കുന്നു. മഴ മുന്നിൽ കണ്ടു കൊണ്ട് ദേശീയപാത അധികൃതരോ നഗരസഭയോ വേണ്ട വിധത്തിൽ ഇടപെടാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശ വാസികൾ കുറ്റപ്പെടുത്തുന്നു.
സമാനമായ അവസ്ഥയാണ് ടെമ്പിൾ ഗേറ്റിന് സമീപത്തെ പുതിയ റോഡിന്റെതും. ഇവിടെ പൂവടിക്കണ്ടത്തിനു സമീപത്തെ നൂറുക്കണക്കിനു വരുന്ന വീടുകളും വെള്ളക്കെട്ടിനടിയിലാണ്. മഴയൊന്ന് തുടങ്ങിയാൽ ഈ പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാവുകയാണ്.

വയലളം -കുറ്റിവയൽ പ്രദേശത്ത് പ്രവൃത്തി അശാസ്ത്രീയം

കനാലുകളിൽ മണ്ണുമാറ്റിയെങ്കിലും ഒഴുക്ക് തടസ്സപ്പെട്ടു

ഓടകൾ മണ്ണുമൂടിക്കിടക്കുന്നു

മഴക്കാല പൂർവ ശുചീകരണം നടന്നില്ല

ഓഡക്കായ്ക്കുന്നിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളം നിരവധി ചാലുകളിലൂടെ ഒഴുകി കണ്ണിച്ചിറ തോടിലാണ് പതിക്കുക. എന്നാൽ ഈ പ്രദേശങ്ങളിലെ ഓടകൾ ഒക്കെയും ഇടിഞ്ഞതും മണ്ണ് വീണ് നിറഞ്ഞതുമായതിനാൽ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്നുണ്ട്. ഹിന്ദി വിദ്യാലയത്തിനു മുന്നിലെ ഓടകൾ വീതി കൂട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ പ്രദേശത്തെ സ്ഥല ഉടമകൾ നഗരസഭ അധികൃതർക്ക് അനുമതി നൽകിയെങ്കിലും ,ഈ പ്രവൃത്തിയും നടന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.