perimkulam
അരയാക്കടവ് -കിനാനൂർ തീരദേശ റോഡിൽ പെരിങ്കുളം വളവിൽ മഴയിൽ റോഡ് ഒഴുകിയ നിലയിൽ

നീലേശ്വരം: മുക്കട -അരയാക്കടവ് തീരദേശ റോഡിന്റെ അവസാന ഭാഗമായ അരയാക്കടവ് മുതൽ കാണാവൂർ പാലാട്ട് വരെയുള്ള റോഡിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം പുകയുന്നു. മൂന്ന് വർഷം മുമ്പാണ് റോഡ് പ്രവൃത്തി തുടങ്ങിയത്. കഴിഞ്ഞ മേയ് മാസം പൂർത്തീകരിക്കേണ്ട പ്രവൃത്തിയാണ് ഈ മേയിലും തീരാതെ നീളുന്നത്.

പി.എം.എ.വൈ പദ്ധതി മുഖേനയാണ് ഈ റോഡ് പ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരുന്നു. ടാർ ചെയ്ത റോഡ് മെക്കാഡം ടാറിംഗിനായി കുത്തി പൊളിച്ചപ്പോൾ രണ്ടുവർഷമായി ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്ക് പോലും പോകാനാകാതെയായി. മഴക്കാലത്ത് ചെളിയും നിറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷ കാലങ്ങളിലും പെരിങ്കുളം, കോളിക്കാൽ ഭാഗങ്ങളിലുള്ളവർക്ക് നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയായ റോഡ് പ്രവൃത്തി നീളുന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. നിരന്തര പരാതി ഉയർന്നതോടെ രണ്ടാഴ്ച മുമ്പ് മെറ്റൽ നിരത്തി അമർത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയിൽ മെറ്റൽ ഇളകിത്തുടങ്ങി. മഴവെള്ളം ഒഴുകി പോകാൻ ഓവുചാൽ പണിതില്ലെന്ന പരാതിയും ഇതോടെ ശക്തമായി. മണ്ണ് മുഴുവൻ ഒഴുകി തൊട്ടടുത്ത വയലിലേക്ക് എത്തിയിരിക്കുകയാണ്. മണ്ണ് ഒഴുകിയെത്തി വയൽ നികന്ന് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമായെന്ന് കർഷകർ പറയുന്നു.

റോഡിന് വേണ്ടി കുന്നിടിച്ച് കടത്തി

കഴിഞ്ഞ രണ്ട് വർഷമായി പെയ്ത മഴയിൽ പെരിങ്കുളം വളവിൽ കുന്ന് പൊട്ടി മണ്ണു ഒലിച്ചിറങ്ങുകയായിരുന്നു. ഈ വളവിൽ കല്ല് കൊണ്ട് ഭിത്തി കെട്ടാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പായില്ല. 20 വർഷം മുമ്പ് കാലവർഷത്തിൽ ഇവിടെ കുന്നിടിഞ്ഞ് വീട് തകർന്നിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് വീട്ടിലുണ്ടായവർ രക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു മഴക്കാലങ്ങളിലും ഇവിടെയുള്ള കുടുംബം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. അതിനിടയിൽ കരാറുകാരൻ റോഡിന് വേണ്ടി കുന്നിടിച്ച മണ്ണ് മറ്റൊരു റോഡ് പണിക്ക് വേണ്ടി കടത്തുകയായിരുന്നു. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നും ഇവർ ആരോപിക്കുന്നു.