തലശേരി: നഗരത്തിലെ വെള്ളക്കെട്ടിനു കാരണമായ റെയിൽപ്പാളങ്ങൾക്കിടയിലെ അഴുക്കു ചാലിന്റെ അഞ്ചു പൈപ്പുകളിലേയും ചെളിനീക്കം ചെയ്യാൻ നഗരസഭയും റെയിൽവേ അധികൃതരും തമ്മിൽ ചർച്ച നടത്തി. ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്പ് ശുചീകരിക്കുക. പൈപ്പുകളുടെ അകത്ത് പ്രവേശിക്കാൻ ഓക്സിജൻ ഉൾപ്പടെയുള്ള സജ്ജീകരണം വേണം. ഇതു സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷനൽ എൻജിനീയർക്കും റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കും നഗരസഭ ഉടൻ കത്ത് നൽകും.

ചെളി കുടുങ്ങി കിടക്കുന്ന സ്ഥലങ്ങൾ നഗരസഭാദ്ധ്യക്ഷ കെ.എം ജമുനാ റാണിയും റെയിൽവേ ഉദ്യോഗസ്ഥരും സന്ദർശിച്ചു. നഗരസഭയിലെ നാല് വാർഡുകൾ ഉൾപ്പെടുന്നതിലൂടെയാണ് മലിനജലം കടന്നു പോകുന്നത്. മഴക്കാലമായാൽ നഗരത്തിലുടനീളം വെള്ളം കയറുന്ന അവസ്ഥയാണ്. ഇതിനു പരിഹാരമെന്നോണമാണ് നഗരസഭയും റെയിൽവേയും മുന്നിട്ടിറങ്ങുന്നത്. വൈസ് ചെയർമാൻ വാഴയിൽ ശശി, മുൻസിപ്പൽ സെക്രട്ടറി സുരേശൻ, റെയിൽവേ കണ്ണൂർ സീനിയർ സെക്ഷൻ എൻജിനീയർ പി.പി മുഹ്സിൻ, തലശ്ശേരി സ്റ്റേഷൻ മാനേജർ വി.വി രമേഷ്, റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എസ് ജിനേഷ്, വികസന വേദി വർക്കിംഗ് ചെയർമാൻ കെ.വി ഗോകുൽ ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ജവാദ് അഹ് മദ്, സെക്രട്ടറി പി.കെ നിസാർ, നഗരസഭാംഗങ്ങളായ സി.ഒ.ടി ഷബീർ, ഷബാന ഷാനവാസ്, കായ്യത്ത് വാർഡ് വികസന കൺവീനർ സി.കെ.പി ഫൈസൽ, മുനിസിപ്പൽ എൻജിനീയർ ജസ്വന്ത്, അസി. എൻജിനീയർ ജയരാജ്, ഹെൽത്ത് സൂപ്രണ്ട് പ്രമോദ് പങ്കെടുത്തു.