കാഞ്ഞങ്ങാട്: കേരളീയരുടെ തലയെടുപ്പുള്ള ആനവണ്ടി, വ്യത്യസ്തമായ കാറുകൾ, പൊലീസ് ജീപ്പുകൾ, ലോറികൾ- നാലാംക്ളാസുകാരനായ തേജസിന്റെ വീട്ടിൽ ഇല്ലാത്ത വാഹനങ്ങളില്ല. ഒന്നും റോഡിലിറങ്ങുന്നവയല്ലെന്ന് മാത്രം. അസാമാന്യമായ കൈയടക്കത്തോടെ ഉണ്ടാക്കിയ മിനിയേച്ചറുകൾ കണ്ടാൽ ആരും ഈ മിടുക്കനെ അഭിനന്ദിക്കുമെന്ന് ചുരുക്കം.
വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജാനൂർ വേലാശ്വരത്തെ വി. വിജയന്റെ മകനാണ് തേജസ്. പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിൽ പഠിക്കുന്ന തേജസ് കാർഡ് ബോർഡ് ഉപയോഗിച്ചാണ് വാഹനങ്ങളുടെ ചെറുമാതൃകകൾ തീർക്കുന്നത്. വീടിനു മുന്നിൽ വരിവരിയായി പാർക്ക് ചെയ്തിരിക്കുകയാണ് ഇവയെല്ലാം.
ബോട്ടിൽ ആർട്ടിലും ഡിജിറ്റൽ പെയിന്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. ലോക്ക്ഡൗൺ ആയതിനാൽ ചിത്രരചനാ പരിശീലനം മുടങ്ങിയപ്പോഴാണ് വാഹന നിർമ്മാണം തുടങ്ങിയത്. മകന്റെ വാഹന നിർമ്മാണത്തിന് പിതാവ് വിജയനും അമ്മ ആശാകിരണും പ്രോത്സാഹനം നൽകി വരുന്നു. ഒപ്പം ചിത്രരചനയിൽ മിടുക്കിയായ തേജസിന്റെ അനുജത്തി ഐശ്വര്യയുമുണ്ട്.