cake

പിണറായി: തുടർ മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ ആവേശം സംസ്ഥാനത്തെ ഇടതുപ്രവർത്തകരെ അത്യാവേശത്തിലെത്തിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ ജന്മനാടും അതിൽ പങ്കു ചേർന്നു. പിണറായി വിജയന്റെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ നിമിഷത്തിൽ പിണറായി ഗ്രാമം അടക്കിപ്പിടിച്ച ആഹ്ളാദത്തിലായിരുന്നു. ആഘോഷത്തിനായി പിരിച്ചെടുത്ത തുക ഉപയോഗിച്ച് നിർദ്ധനർക്ക് അവർ സൗജന്യ കിറ്റ് നൽകി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ. പിണറായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും കൺവെൻഷൻ സെന്ററിലുമിരുന്ന് ടെലിവിഷനിൽ പരിപാടി വീക്ഷിക്കാൻ വൻജനാവലിയാണെത്തിയത്. ഏരിയാ കമ്മിറ്റി ഓഫീസിൽ രാവിലെ മുതൽ ഏരിയാ സെക്രട്ടറി കെ. ശശിധരന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, കക്കോത്ത് രാജൻ, കെ.യു. ബാലകൃഷ്ണൻ എന്നിവരും ഓഫീസിലുണ്ടായിരുന്നു.പിണറായി കൺവെൻഷൻ സെന്ററിൽ സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ കേക്ക് മുറിച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും വൻജനാവലി ഇവിടെയെത്തിരുന്നു. പടക്കം പൊട്ടിച്ചും മധുരം നൽകിയുമായിരുന്നു പാറപ്രം, പെരളശേരി, മൂന്നുപെരിയ, ധർമ്മടം എന്നിവിടങ്ങളിലെ ആഘോഷം