കാസർകോട്: നഗരത്തിലെ ആക്രികടയിൽ കവർച്ച. മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ദേശീയപാതയ്ക്കക്കരികിൽ പ്രവർത്തിക്കുന്ന മൊഗ്രാൽ സ്വദേശി സിദ്ധീഖിന്റെ ആക്രി കടയിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച രാവിലെ സിദ്ധീഖ് കടയിൽ എത്തിയപ്പോൾ ഷട്ടർ കുത്തിത്തുറന്ന നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് അലൂമിനിയം, ചെമ്പ്, പിത്തള, ബാറ്ററി തുടങ്ങി നിരവധി സാധനങ്ങൾ കവർന്നതായി അറിയുന്നത്.

പൊലീസെത്തി പരിശോധിച്ചു. കവർച്ച ചെയ്ത സാധനങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി സംശയിക്കുന്നു. വിരലടയാളം പതിയാതിരിക്കാൻ ഷട്ടർ കുത്തിത്തുറന്ന് ഉയർത്തുന്ന സ്ഥലത്ത് കടലാസ് പതിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ആയതിനാൽ സിദ്ധീഖ് കട തുറക്കാറില്ലെങ്കിലും ദിവസേന വന്ന് പരിശോധിക്കാറുണ്ട്. നഗരത്തിലെ ആക്രി കച്ചവട സ്ഥാപനങ്ങളിൽ മോഷണവും കവർച്ചയും വർദ്ധിക്കുമ്പോഴും പൊലീസിന് തുമ്പുണ്ടാക്കുവാൻ സാധിക്കുന്നില്ലെന്ന് ഇന്റിപെൻന്റസ് സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാട് കുറ്റപ്പെടുത്തി.