പിലിക്കോട്: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ, ആസന്നമായ കാലവർഷം എന്നിവ കണക്കിലെടുത്ത് ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം കർഷകർക്ക് ഔഷധ നെല്ലിനങ്ങൾ ഉൾപ്പെടെ വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കൃഷിഭവനിൽ നേരിട്ട് എത്തിക്കുന്നു. ആവശ്യമുള്ള നീലേശ്വരം ബ്ലോക്കിലെ കർഷകർക്ക് താഴെ പറയുന്ന സമയങ്ങളിൽ അതാത് കൃഷിഭവനിൽ എത്തിയാൽ വിത്തുകൾ ലഭിക്കുമെന്ന് പിലിക്കോട് കേന്ദ്രം അധികൃർ അറിയിച്ചു. വിൽപ്പനക്കുള്ള നെൽവിത്തുകളുടെ നിരക്കും കൃഷിഭവനുകളിൽ എത്തിച്ചേരുന്ന സമയവും. ജൈവ, എഴോം-2 കിലോക്ക് 42 രൂപ. ചെമ്പാവ്, വാലൻ കുഞ്ഞിവിത്ത് കിലോക്ക് 56 രൂപ. ഞവര 100 രൂപ. രക്തശാലി 150 രൂപ. വിവിധ പച്ചക്കറി വിത്തുകൾ 10 രൂപ പാക്കറ്റിൽ ലഭിക്കും. ഇന്ന് രാവിലെ 8.30 മുതൽ 9.30 വരെ പിലിക്കോട് കൃഷിഭവൻ, 10 മുതൽ 11.30 വരെ പടന്ന, 12 മുതൽ 1.30 വരെ തൃക്കരിപ്പൂർ, രണ്ട് മുതൽ മൂന്ന് വരെ വലിയപറമ്പ്, 3.30 മുതൽ 4.30 വരെ നീലേശ്വരം, വൈകുന്നേരം 5.00 മുത ൽ 6.30 വരെ ചെറുവത്തൂർ കൃഷിഭവൻ.